രാഷ്ട്രീയ പരസ്യം: സുതാര്യത ഉറപ്പാക്കുമെന്ന് ഗൂഗിൾ

ന്യൂഡൽഹി∙ രാഷ്ട്രീയ പാർട്ടികൾ നൽകുന്ന പരസ്യങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്നു ഗൂഗിൾ. ലോക്സഭാ തിരഞ്ഞെടുപ്പും അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പും അടുത്ത സാഹചര്യത്തിലാണിത്. ഗൂഗിൾ, ഫെയ്സ്ബുക്, ട്വിറ്റർ തുടങ്ങിയ ഓൺലൈൻ കമ്പനികളുടെ പ്രതിനിധികൾ അടുത്തിടെ തിരഞ്ഞെടുപ്പു കമ്മിഷനെ സന്ദർശിച്ചപ്പോഴും പരസ്യങ്ങളുമായി ബന്ധപ്പെട്ട വിഷയം ചർച്ചയായിരുന്നു.

വോട്ടെടുപ്പിനു മുൻപുള്ള 48 മണിക്കൂറിൽ രാഷ്ട്രീയ പരസ്യങ്ങൾ ഓൺലൈനിൽ അനുവദിക്കില്ലെന്നു ധാരണയായിട്ടുണ്ടെന്നാണു സൂചന. പല രാജ്യങ്ങളും രാഷ്ട്രീയ പരസ്യങ്ങളുമായി ബന്ധപ്പെട്ടു കർശന നിയന്ത്രണം ഏർപ്പെടുത്തുന്നതു പരിഗണിക്കുന്നുണ്ട്.

ഗൂഗിൾ, ഫെയ്സ്ബുക് തുടങ്ങിയ വെബ്സൈറ്റുകളിൽ പ്രത്യക്ഷപ്പെടുന്ന പരസ്യങ്ങളുടെ പണസ്രോതസ് വെള‌ിപ്പെടുത്തണമെന്ന നിയമം യുഎസിൽ നടപ്പാക്കാനൊരുങ്ങുകയാണ്. വ്യാജവാർത്തകളുമായി ബന്ധപ്പെട്ട് ഇന്ത്യയും കർശന നിർദേശം നൽകിയിട്ടുണ്ട്.