ഹാർദിക് ആശുപത്രിവിട്ടു; നിരാഹാരം തുടരും

അഹമ്മദാബാദ് ∙ ആശുപത്രിയിൽനിന്നു വിട്ടയച്ച സംവരണ പ്രക്ഷോഭ നേതാവ് ഹാർദിക് പട്ടേൽ നിരാഹാര സത്യഗ്രഹം തുടരുന്നു. 17 ദിവസം മുൻപു തുടങ്ങിയ നിരാഹാരസമരത്തെ തുടർന്ന് ആരോഗ്യനില വഷളായപ്പോഴാണ് ആശുപത്രിയിലേക്കു മാറ്റിയത്. അവിടെയും സത്യഗ്രഹം തുടർന്ന ഹാർദിക്കിന്റെ നില മെച്ചപ്പെട്ടതോടെ വിട്ടയയ്ക്കുകയായിരുന്നു.

വീട്ടിലെത്തിയാലും താൻ സത്യഗ്രഹം തുടരുമെന്നു ഫെയ്സ്ബുക് ലൈവിലൂടെ ഹാർദിക് അണികളെ അറിയിച്ചു. ഹാർദിക്കിനെ അനുഗമിച്ച മാധ്യമപ്രവർത്തകരെ അദ്ദേഹത്തിന്റെ വസതിയിൽ പ്രവേശിക്കാൻ പൊലീസ് അനുവദിച്ചില്ല. ചിലരെ പൊലീസ് കയ്യേറ്റം ചെയ്തു. കാർഷിക കടാശ്വാസവും പട്ടേൽസമുദായത്തിനു സംവരണവും ആവശ്യപ്പെട്ടാണു ഹാർദിക്കിന്റെ സമരം.