ഹാർദിക് നിരാഹാര സമരം നിർത്തി; പ്രക്ഷോഭം തുടരും

19 ദിവസമായി നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ച് ഇളനീർ കുടിക്കാനൊരുങ്ങുന്ന ഹാർദിക് പട്ടേൽ.

അഹമ്മദാബാദ്∙ പട്ടിദാർ സമുദായത്തിനു സംവരണം നൽകണമെന്നും കാർഷിക കടങ്ങൾ എഴുതിത്തള്ളണമെന്നും ആവശ്യപ്പെട്ടു സംവരണ പ്രക്ഷോഭ നേതാവ് ഹാർദിക് പട്ടേൽ 19 ദിവസമായി നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. ഹാർദിക്കുമായി ചർച്ച നടത്തുമെന്നു ഗുജറാത്ത് സർക്കാർ പറഞ്ഞിരുന്നെങ്കിലും ചർച്ചയൊന്നും നടന്നില്ല.

പട്ടിദാർ സമുദായ നേതാക്കളായ നരേഷ് പട്ടേൽ, സി.കെ.പട്ടേൽ എന്നിവരിൽ നിന്നു നാരങ്ങാനീരു വാങ്ങിക്കുടിച്ചാണു സമരം അവസാനിപ്പിച്ചത്. ആരോഗ്യനില മോശമായതിനെ തുടർന്നു ഹാർദിക്കിനെ സമരത്തിന്റെ പതിനാലാം ദിവസം ആശുപത്രിയിലേക്കു മാറ്റിയിരുന്നു. രണ്ടു ദിവസം ആശുപത്രിയിൽ കഴിഞ്ഞശേഷം വീട്ടിലെത്തിയ ഹാർദിക് നിരാഹാര സമരം തുടരുകയായിരുന്നു.

സമരം നിർത്തിയെങ്കിലും സംവരണത്തിനും കടം എഴുതിത്തള്ളലിനുമായുള്ള പ്രക്ഷോഭം തുടരുമെന്നു ഹാർദിക് പറഞ്ഞു.