ഇന്ത്യ വിടും മുൻപ് ജയ്റ്റ്ലിയെ കണ്ടു, ചർച്ച നടത്തി: മല്യ; കണ്ടത് പാർലമെന്റിൽവച്ച്, പറഞ്ഞത് ഒറ്റ വാക്ക്: ജയ്റ്റ്ലി

വിജയ് മല്യ, അരുൺ ജയ്റ്റലി

ലണ്ടൻ/ന്യൂഡൽഹി ∙ ഇന്ത്യ വിടുന്നതിനു മുൻപ് 2016ൽ ധനമന്ത്രി അരുൺ ജയ്റ്റ്ലിയെ നേരിട്ടു കണ്ടുവെന്നും ബാങ്കുകളുടെ കടം വീട്ടുന്നതു സംബന്ധിച്ചു ചർച്ച ചെയ്തിരുന്നുവെന്നും വിവാദ വ്യവസായി വിജയ് മല്യ. 

ബാങ്കുകളെ 9000 കോടി രൂപ കബളിപ്പിച്ച കേസിൽ ഇന്ത്യ തേടുന്ന സാമ്പത്തിക കുറ്റവാളിയായ മുൻ കിങ്ഫിഷർ ഉടമയുടെ വെളിപ്പെടുത്തൽ രാഷ്ട്രീയ വിവാദമായതോടെ മല്യ പറഞ്ഞതു വാസ്തവിരുദ്ധമെന്ന വിശദീകരണവുമായി ജയ്റ്റ്ലി രംഗത്തെത്തി. 

‘2014നു ശേഷം മല്യയ്ക്കു കൂടിക്കാഴ്ചയ്ക്കു ഞാൻ അനുമതി നൽകിയിട്ടില്ല. രാജ്യസഭാംഗമെന്ന പദവി ദുരുപയോഗം ചെയ്ത് ഒരിക്കൽ അദ്ദേഹം എന്നെ സമീപിച്ചിരുന്നു. ക്രമക്കേടുകളെക്കുറിച്ചു ബോധ്യമുള്ളതിനാൽ, എന്നോടു സംസാരിക്കേണ്ടെന്നും ബാങ്ക് അധികൃതരെ സമീപിക്കാനും നിർദേശിച്ചു. അദ്ദേഹത്തിന്റെ കയ്യിലുണ്ടായിരുന്ന കടലാസുകൾ പോലും ഞാൻ സ്വീകരിച്ചില്ല. ഈ ഒറ്റവരി സംഭാഷണം മാത്രമാണ് അദ്ദേഹവുമായി നടത്തിയത്; കൂടിക്കാഴ്ചയ്ക്ക് ഒരിക്കൽ പോലും അനുമതി നൽകിയിട്ടില്ല’– ജയ്റ്റ്ലി ട്വിറ്ററിൽ കുറിച്ചു. 

മല്യയെ ഇന്ത്യയ്ക്കു വിട്ടുനൽകണമെന്ന കേസ് പരിഗണിക്കുന്ന ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ മജിസ്ട്രേട്ട് കോടതിക്കു മുൻപിൽ മാധ്യമങ്ങളോടാണ് ജയ്റ്റ്ലിയുമായുള്ള കൂടിക്കാഴ്ചയുടെ കാര്യം മല്യ വെളിപ്പെടുത്തിയത്. ഇന്നലെ കേസ് പരിഗണിച്ച ചീഫ് മജിസ്ട്രേട്ട് എമ്മ ആർബത്‍നോട്ട് ഡിസംബർ 10നു വിധി പറയുമെന്നു പ്രഖ്യാപിച്ചു. 

‘ജനീവയിൽ ഒരു യോഗത്തിൽ പങ്കെടുക്കാനാണ് ഇന്ത്യയിൽ നിന്നു പോന്നത്. അതിനു മുൻപാണു ജയ്റ്റ്ലിയെ കണ്ടത്. ബാങ്കുകളുമായുള്ള കിട്ടാക്കട പ്രശ്നം അവസാനിപ്പിക്കാൻ തയാറാണെന്ന് അദ്ദേഹത്തോടു പറഞ്ഞിരുന്നു’– മല്യ പറഞ്ഞു.  

ബാങ്കുകളുടെ കടം വീട്ടുന്നതിനുള്ള സമഗ്ര പദ്ധതി കർണാടക ഹൈക്കോടതിക്കു മുൻപാകെയും സമർപ്പിച്ചിരുന്നതായി മല്യ പറഞ്ഞു. കോടതിയുടെ മേൽനോട്ടത്തിൽ തന്റെ സ്വത്തുക്കൾ വിറ്റ് കടം വീട്ടാൻ അനുവദിക്കണമെന്നാണ് ആവശ്യപ്പെട്ടത്.

മല്യ, നീരവ് മോദി, മെഹുൽ ചോക്സി തുടങ്ങിയ തട്ടിപ്പുകാർക്കു കേന്ദ്രസർക്കാരിലെ ഉന്നതരുമായി അടുത്ത ബന്ധമുണ്ടെന്ന വാദത്തിനു ശക്തി പകരുന്നതാണു വെളിപ്പെടുത്തലെന്നും മല്യ– ജയ്റ്റ്ലി കൂടിക്കാഴ്ചയെക്കുറിച്ച് ഉചിതമായ അന്വേഷണം വേണമെന്നും കോൺഗ്രസ് വക്താവ് അഭിഷേക് സിങ്‌വി ആവശ്യപ്പെട്ടു.