ക്ലാസ് മുറിയിൽ ക്യാമറ: തെറ്റില്ലെന്ന് ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി ∙ സ്കൂളുകളിലെ ക്ലാസ് മുറികളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നതിൽ തെറ്റില്ലെന്നു ഡൽഹി ഹൈക്കോടതി. ക്യാമറകൾ സ്ഥാപിക്കുന്നതു വിദ്യാർഥികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന വാദത്തിൽ കഴമ്പില്ലെന്നും ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോൻ, ജസ്റ്റിസ് വി.കെ.റാവു എന്നിവരുൾപ്പെട്ട ബെഞ്ച് പറഞ്ഞു. 

 സ്കൂൾ ക്ലാസ് മുറികളിൽ 1.4 ലക്ഷം സിസിടിവി ക്യാമറകൾ സ്ഥാപിക്കാനുള്ള ഡൽഹി സർക്കാരിന്റെ തീരുമാനത്തിനെതിരെ ഡാനിയൽ ജോർജ് എന്നയാളാണു കോടതിയെ സമീപിച്ചത്. ക്യാമറകൾ സ്ഥാപിക്കുന്നത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും  ദൃശ്യങ്ങൾ ദുരുപയോഗപ്പെടുത്താനും പെൺകുട്ടികളെ ചൂഷണം ചെയ്യാനും സാധ്യതയുണ്ടെന്നും ഹർജിയിൽ പറഞ്ഞു. എന്നാൽ കുട്ടികളുടെ സുരക്ഷിതത്വമാണു പ്രധാനമെന്ന് പറഞ്ഞ കോടതി ക്ലാസ് മുറികളിലെ കാര്യങ്ങൾ സ്വകാര്യതയുടെ പരിധിയിൽ വരില്ലെന്നും വ്യക്തമാക്കി.