സ്ത്രീധന പീഡന കേസുകളിൽ അറസ്റ്റ്; പൊലീസിന് ഇടപെടാം: പഴയ വിധി തിരുത്തി സുപ്രീംകോടതി

ന്യൂഡൽഹി∙ സ്ത്രീധനപീഡനക്കേസുകളിൽ ഉടൻ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള കോടതിയുടെ മുൻ ഉത്തരവ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ഒഴിവാക്കി. ജില്ലകൾ തോറും സ്ഥാപിക്കുന്ന കുടുംബക്ഷേമസമിതിയുടെ അന്വേഷണറിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രമേ ഭർത്താവിനെയും ബന്ധുക്കളെയും അറസ്റ്റ് ചെയ്യാവൂ എന്ന വ്യവസ്ഥ ഇതോടെ ഇല്ലാതായി. കഴിഞ്ഞ വർഷം ജൂലൈയിലെ കോടതി വിധിയാണു ബെഞ്ച് തിരുത്തിയത്. 

ഇത്തരം സമിതികൾ നിയമപരമായി നിലനിൽക്കുന്നതല്ല എന്ന് കോടതി നിരീക്ഷിച്ചു. അതേ സമയം ഭർത്താവിനെയും ബന്ധുക്കളെയും അറസ്റ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട നിർദേശങ്ങളൊന്നും കോടതി നൽകിയിട്ടില്ല. ഇത്തരം സംഭവങ്ങളിൽ കോടതികൾക്കു മുൻകൂർ ജാമ്യം നൽകാൻ അധികാരമുണ്ടെന്നും ഇരുകൂട്ടരും  ധാരണയിലെത്തിയാൽ, ജഡ്ജിക്ക് ക്രിമിനൽ കേസ് റദ്ദാക്കാവുന്നതാണെന്നും ജസ്റ്റിസുമാരായ എ.എം.ഖാൻവിൽക്കർ, ഡി.വൈ.ചന്ദ്രചൂഡ് എന്നിവർ കൂടി അംഗങ്ങളായ ബെഞ്ച് വ്യക്തമാക്കി. ഇതിനായി ഹൈക്കോടതിയിൽ ഒരുമിച്ച് അപേക്ഷ നൽകണം. സ്ത്രീയും പുരുഷനും തമ്മിൽ യുദ്ധമുണ്ടാകാൻ കോടതി ആഗ്രഹിക്കുന്നില്ല. തെറ്റായ കേസുകൾ സാമൂഹികമായി അസ്വസ്ഥതകൾ സൃഷ്ടിക്കുമെന്നു ബെഞ്ച് സൂചിപ്പിച്ചു.