ബില്ലടയ്ക്കാത്തതിന് മൃതദേഹം വിട്ടുകൊടുക്കാത്തത് കുറ്റകരം

ന്യൂഡൽഹി∙ ബില്ലടയ്ക്കാത്തതു സംബന്ധിച്ച തർക്കത്തിന്റെ പേരിൽ മൃതദേഹം വിട്ടുകൊടുക്കാതിരിക്കുന്നതും രോഗികളെ ഡിസ്ചാർജ് ചെയ്യാതിരിക്കുന്നതും കുറ്റകരമാക്കുന്നതു കേന്ദ്ര സർക്കാരിന്റെ പരിഗണനയിൽ. രോഗികളുടെ അവകാശസംരക്ഷണത്തിനുള്ള കരട് അവകാശ പത്രികയിലാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. മന്ത്രാലയത്തിന്റെ വെബ്സൈറ്റിലുള്ള പത്രിക സംബന്ധിച്ച് പൊതുജനങ്ങൾ ഉൾപ്പെടെയുള്ളവരുടെ നിർദേശങ്ങൾ പരിഗണിച്ചാവും അന്തിമരൂപം നൽകുക.

കരടു പത്രികയിലെ പ്രധാന നിർദേശങ്ങൾ:

∙ ബില്ലടയ്ക്കാത്തതിന്റെ പേരിൽ മൃതദേഹം വിട്ടുകൊടുക്കാതിരിക്കുന്നതും രോഗികൾക്കു ഡിസ്ചാർജ് നൽകാതിരിക്കുന്നതും കുറ്റകരമാക്കും.

∙ ആശുപത്രികളിൽ പരാതികൾ പരിഹരിക്കാൻ പ്രത്യേക ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിൽ സംവിധാനം വേണം.

∙ രോഗികളുടെ അവകാശ സംരക്ഷണത്തിന് ട്രൈബ്യൂണൽ ഫോറം അല്ലെങ്കിൽ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ്സ് റഗുലേറ്ററി അതോറിറ്റി രൂപീകരിക്കണം.

∙ ചികിൽസയുടെ രേഖകൾ ആവശ്യപ്പെടാനും മറ്റേതെങ്കിലും വിദഗ്ധ ഡോക്ടർമാരിൽ നിന്നോ ആശുപത്രികളിൽ നിന്നോ ഉപദേശം തേടാനും രോഗികൾക്ക് അവകാശമുണ്ട്.

∙ രോഗിയുടെ സ്വകാര്യത മാനിക്കണം. ചികിൽസാ വിവരങ്ങൾ അത്യാവശ്യഘട്ടത്തിലല്ലാതെ പുറത്തുവിടരുത്.

∙ ഓരോ ചികിൽസയ്ക്കും വേണ്ടിവരുന്ന ചെലവും ചികിൽസാ സൗകര്യങ്ങളും വലിയ ബോർഡിൽ ആശുപത്രിക്കുള്ളിൽ പ്രദർശിപ്പിക്കണം. ഇതിന്റെ കൈപ്പുസ്തകം തയാറാക്കി രോഗികൾക്കും ബന്ധുക്കൾക്കും നൽകണം.