പാക്ക് ഭീകരത: യുഎന്നിന്റെ മൗനം അപലപിച്ചു

ജനീവ ∙ ജമ്മു കശ്മീരിലെ അവസ്ഥയെക്കുറിച്ചുള്ള യുഎൻ റിപ്പോർട്ടിൽ, പാക്കിസ്ഥാൻ അവിടെ നടത്തുന്ന ഭീകരപ്രവർത്തനത്തെക്കുറിച്ചു മൗനം പാലിച്ചതിനെ യൂറോപ്യൻ ഫൗണ്ടേഷൻ ഫോർ സൗത്ത് ഏഷ്യൻ സ്റ്റഡീസ് (ഇഫ്സാസ്) റിസർച് അനലിസ്റ്റ് യോവാന ബാരക്കോവ അപലപിച്ചു. ജനീവയിൽ യുഎൻ മനുഷ്യാവകാശ സമിതിയുടെ 39–ാമതു സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അവർ.

മനുഷ്യാവകാശങ്ങൾക്കു വേണ്ടിയുള്ള ഐക്യരാഷ്ട്ര സംഘടനയുടെ ഹൈക്കമ്മിഷണർ ഓഫിസാണ് ജമ്മു കശ്മീരിനെക്കുറിച്ചുള്ള 49 പേജ് റിപ്പോർട്ട് കഴിഞ്ഞ ജൂണിൽ പുറത്തുവിട്ടത്. കശ്മീരിൽ ഇന്ത്യയും പാക്കിസ്ഥാനും നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് അന്വേഷണം വേണമെന്നായിരുന്നു റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരുന്നത്. റിപ്പോർട്ട് തെറ്റിദ്ധാരണാജനകവും പക്ഷപാതപരവുമാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നേരത്തേ അഭിപ്രായപ്പെട്ടിരുന്നു.