ജിഎസ്ടി വരുമാനം കുറഞ്ഞു; സ്ലാബ് മാറ്റം ഉടനില്ല

ന്യൂഡൽഹി ∙ ചരക്ക്, സേവന നികുതിയിൽ ഇളവ് അനുവദിക്കുന്നതു നീട്ടിവച്ചേക്കും. ഓഗസ്റ്റിലടക്കം ജിഎസ്‌ടി വരുമാനത്തിൽ വന്ന ഇടിവാണു കാരണം. നികുതിവരുമാനത്തെ കാര്യമായി ബാധിക്കാത്ത ഉൽപന്നങ്ങൾ മാത്രം തൽക്കാലം ഇളവിനു പരിഗണിച്ചാൽ മതിയെന്നാണു വിലയിരുത്തൽ.

ജിഎസ്‌ടി വരുമാന സ്ഥിരത കൈവരിക്കുന്നതോടെ ഹാനികരമായ ഉൽപന്നങ്ങൾക്കും അത്യാഡംബര വസ്തുക്കൾക്കും മാത്രം 28% നികുതി നിലനിർത്തി പട്ടിക ചുരുക്കുമെന്നു സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഈ പരിധിയിൽ തുടരുന്ന സിമന്റ്, എയർ കണ്ടീഷനർ, 26 ഇഞ്ചിനു മുകളിലുള്ള ടിവി തുടങ്ങിയവയുടെ നികുതി താഴ്ത്തുമെന്നായിരുന്നു പ്രതീക്ഷ. 

എന്നാൽ, ഓഗസ്റ്റിലെ വരുമാനത്തിൽ ജൂലൈയിലെക്കാൾ 2523 കോടി രൂപ കുറഞ്ഞതാണ് ഇളവു തൽക്കാലം വേണ്ടെന്ന ധാരണയ്ക്കു കാരണം. റഫ്രിജറേറ്റർ, ചെറു ടിവി, വാഷിങ് മെഷിൻ തുടങ്ങി നൂറോളം ഉൽപന്നങ്ങൾക്കു ജൂലൈയിൽ നികുതി ഇളവ് അനുവദിച്ചിരുന്നു. ഇ–വേ ബിൽ കർശനമാക്കിയെങ്കിലും പ്രതീക്ഷിച്ച വരുമാനം ലഭിച്ചുതുടങ്ങിയിട്ടില്ല.