മിന്നലാക്രമണ ഓർമ പുതുക്കൽ: സർക്കാരിനു കുരുക്കായി യുജിസി നിർദേശം

ന്യൂഡൽഹി∙ രാജ്യത്തെ സർവകലാശാലകൾ സെപ്റ്റംബർ 29 മിന്നലാക്രമണ (സർജിക്കൽ സ്ട്രൈക്ക്) ദിനമായി ആചരിക്കണമെന്ന യുജിസി നിർദേശം വിവാദത്തിൽ. ബിജെപിയുടെ രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമാണെന്ന് ആരോപിച്ചു നിർദേശം ബംഗാൾ സർക്കാർ തള്ളി.

കേന്ദ്ര സർക്കാർ സൈന്യത്തെ രാഷ്ട്രീയവൽക്കരിക്കുകയാണെന്ന ആരോപണവുമായി കോൺഗ്രസടക്കം രംഗത്തു വന്നു. പിന്നാലെ, ഈ ദിനാചരണം നിർബന്ധിതമല്ലെന്നു കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ വിശദീകരിച്ചു.

2016 സെപ്റ്റംബർ 29ന് ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന്റെ ഓർമ പുതുക്കാനായിരുന്നു യുജിസി നിർദേശം. ഉറി ഭീകരാക്രമണത്തിനു തിരിച്ചടിയെന്ന നിലയിലായിരുന്നു നിയന്ത്രണ രേഖയ്ക്കപ്പുറത്തുള്ള ഏഴ് പാക്ക് ഭീകര പരിശീലന കേന്ദ്രങ്ങളിൽ ഇന്ത്യ മിന്നലാക്രമണം നടത്തിയത്. തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള ബിജെപി തന്ത്രമാണിതെന്നും അംഗീകരിക്കാനാവില്ലെന്നും വ്യക്തമാക്കി ബംഗാൾ വിദ്യാഭ്യാസ മന്ത്രി പാർഥ ചാറ്റർജി പറഞ്ഞു.

രാഷ്ട്രീയ അജൻഡ നടപ്പാക്കാൻ യുജിസിയെ കൂട്ടുപിടിക്കുന്നത് അപമാനമാണെന്നും അദ്ദേഹം ആരോപിച്ചു. രാജ്യത്തിനായി സൈനികർ അനുഭവിച്ച ത്യാഗസ്മരണയെക്കുറിച്ചാണ് പറയുന്നതെങ്കിൽ മനസ്സിലാക്കാമെന്നും ഇതു സൈന്യത്തെ ദുഷിപ്പിക്കാനും രാഷ്ട്രീയവൽക്കരിക്കാനുമുള്ള നീക്കമാണെന്നും മന്ത്രി പറഞ്ഞു.

നോട്ട് നിരോധനം നടപ്പാക്കിയ നവംബർ എട്ടിനാണ് മിന്നലാക്രമണ ദിനാചരണം നടത്തേണ്ടതെന്നായിരുന്നു കോൺഗ്രസ് നേതാവ് കപിൽ സിബലിന്റെ പരിഹാസം.