ആയുഷ്മാൻ ഭാരതിന് ഇന്ന് തുടക്കം; രാജ്യമാകെ ആരോഗ്യപരിരക്ഷ

ന്യൂഡൽഹി ∙ ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്ക് (പ്രധാൻമന്ത്രി ജൻ ആരോഗ്യ അഭിയാൻ–പിഎംജെഎവൈ) ഇന്നു തുടക്കം. കേരളം, തെലങ്കാന, ഒഡീഷ, ഡൽഹി, പഞ്ചാബ് എന്നീ സംസ്ഥാനങ്ങ‌ൾ പദ്ധതിയിൽ ചേർന്നിട്ടില്ല. 

എൻഡിഎ സർക്കാരിന്റെ ഏറ്റവും വലിയ ജനകീയാരോഗ്യപദ്ധതിക്കു ജാർഖണ്ഡിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണു തുട‌ക്കം കുറിക്കുക. രാജ്യത്തെ ഗുണഭോക്താക്കൾക്കെല്ലാം ക്യുആർ കോഡ് രേഖപ്പെടുത്തിയ ക‌ത്തുകൾ നേരിട്ടെത്തിക്കുമെന്ന് ആരോഗ്യമന്ത്രാലയം ‌അറിയിച്ചു. ക്യുആർ കോഡിൽ കുടുംബത്തിന്റെ വിശദാംശങ്ങളുണ്ടാവും. 

∙ സർക്കാർ, സ്വകാര്യ ആശുപത്രികളിൽ ചികിൽസ തേടാം. അഞ്ചുലക്ഷം രൂപവരെ പരിരക്ഷ.

∙ 1,354 ആരോഗ്യ പാക്കേജുകൾ പദ്ധതിയുടെ ഭാഗം. സ്റ്റെന്റ്, ബൈപാസ് സർജറി, മുട്ടുമാറ്റിവയ്ക്കൽ തുടങ്ങി ചെലവേറിയ ചികിൽസകളും ലഭിക്കും.  

∙ ഗുണഭോക്താക്കൾ രാജ്യത്തെ 10.74 കോടി ദരിദ്ര‌കുടുംബങ്ങളിലെ 50 കോടിയിലേറെ ജനങ്ങൾ. 

∙ 2011ലെ സാമൂഹിക, സാമ്പത്തിക, ജാതി സെൻസസിന്റെ അടിസ്ഥാനത്തിൽ ഗുണഭോക്താക്കളെ നിശ്ചയിക്കുന്നതു കേന്ദ്ര സർക്കാർ. 

∙ ഗ്രാമീണ ഗുണഭോക്താക്കൾ: അടച്ചുറപ്പില്ലാത്ത ഒറ്റമുറി വീടു മാത്രമുള്ളവർ, പട്ടികവിഭാഗക്കാർ, 16–59 പ്രായവിഭാഗത്തിലുള്ള പുരുഷന്മാർ ഇല്ലാത്ത കുടുംബങ്ങൾ, ഭൂരഹിതർ, സ്ഥിരവരുമാനമില്ലാത്ത തൊഴിലാളികൾ തുടങ്ങിയവർ. 

∙ നഗരങ്ങളിലെ ഗുണഭോക്താക്കൾ: വീട്ടുജോലിക്കാർ, വഴിയോരക്കച്ചവടക്കാർ, ചപ്പുചവർ ശേഖരിക്കുന്നവർ, നിർമാണത്തൊഴിലാളികൾ, പ്ലമർ, പെയിന്റർ, ഇലക്ട്രിഷൻ, വെൽഡർ, ഡ്രൈവർ, ‍ഡ്രൈവറുടെ സഹായി, റിക്ഷാക്കാർ, ശിപായി, വെയിറ്റർ, കടകളിലെ തൊഴിലാളികൾ, കാവൽജോലിക്കാർ, യാചകർ തുടങ്ങിയവർ. 

∙ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സ്വാസ്ഥ്യ ബിമ യോജന പദ്ധതി ഗുണഭോക്താക്കളെല്ലാം പദ്ധതിയുടെ ഭാഗം. 

∙ ആധാർ നിർബന്ധമില്ല. ഏതെങ്കിലും അംഗീകൃത തിരിച്ചറിയൽരേഖ മതി. 

∙ ഗുണഭോക്താക്കളുടെ പട്ടിക mera.pmjay.gov.in വെബ്സൈറ്റിൽ പരിശോധി‌ക്കാം. ഹെൽ‌പ്‌ലൈൻ (14555) വഴിയും വിവരം തേടാം.