സിക്കിമിലെ ആദ്യ വിമാനത്താവളം ഉദ്ഘാടനം ഇന്ന്

ഗാങ്ടോക്ക് ∙ സിക്കിമിലെ ആദ്യ വിമാനത്താവളത്തിന്റെ ഉദ്ഘാടനം പാക്യോങ്ങിൽ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും. ഗാങ്ടോക്കിൽനിന്നു 33 കിലോമീറ്റർ അകലെയുള്ള പാക്യോങ് വിമാനത്താവളത്തിന്റെ നിർമാണം ആരംഭിച്ചതു 2009ൽ ആണ്. സമുദ്രനിരപ്പിൽനിന്നു 4,500 അടി ഉയരത്തിലുള്ള പാക്യോങ് ഗ്രാമത്തിലെ കുന്നിൻമുകളിലാണ് 605 കോടി രൂപ ചെലവിൽ നിർമിച്ച പുതിയ വിമാനത്താവളം.

ഇന്ത്യ–ചൈന അതിർത്തിയിലേക്ക് ഇവിടെനിന്ന് 60 കിലോമീറ്റർ മാത്രം. ആവശ്യമെങ്കിൽ വ്യോമസേനയ്ക്കുകൂടി ഉപയോഗിക്കാൻ കഴിയും. 124 കിലോമീറ്റർ അകലെ ബംഗാളിലെ ബഗ്ദോഗ്ര ആയിരുന്നു ഇതുവരെ സിക്കിമിന് ഏറ്റവും അടുത്തുള്ള വിമാനത്താവളം. 3000 ചതുരശ്ര മീറ്റർ ടെർമിനലുള്ള പാക്യോങ് വിമാനത്താവളത്തിൽനിന്നുള്ള സർവീസുകൾ ഒക്ടോബർ നാലിന് ആരംഭിക്കും. ഡൽഹി, കൊൽക്കത്ത, ഗുവാഹത്തി എന്നിവിടങ്ങളിലേക്കു ദിവസേന സർവീസുണ്ടാകും. വൈകാതെ ഭൂട്ടാനിലെ പാരോ, നേപ്പാളിലെ കഠ്മണ്ഡു, ബംഗ്ലദേശിലെ ധാക്ക എന്നിവിടങ്ങളിലേക്കു രാജ്യാന്തര സർവീസ് ആരംഭിക്കുമെന്നു പാക്യോങ് വിമാനത്താവള ഡയറക്ടർ ആർ.മഞ്ജുനാഥ അറിയിച്ചു.