സിക്കിമിൽ വിമാനത്താവളം തുറന്നു

പാക്യോങ് ∙ ഹവായ് ചപ്പലണിഞ്ഞു ഹവായ് ജഹാസിൽ (വിമാനം) യാത്രചെയ്യുന്ന കാലമെത്തിയെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. സിക്കിമിലെ ആദ്യ വിമാനത്താവളം രാജ്യത്തിനു സമർപ്പിക്കുമ്പോഴാണു വിമാനയാത്ര സാധാരണക്കാരനും പ്രാപ്യമാണെന്നു വ്യക്തമാക്കാൻ പ്രധാനമന്ത്രി ഇങ്ങനെ പറ‍ഞ്ഞത്. സ്വാതന്ത്ര്യാനന്തരം 2014 വരെ ആകെ 65 വിമാനത്താവളങ്ങളാണു രാജ്യത്തൊട്ടാകെ നിർമിച്ചത്. എന്നാൽ, കഴിഞ്ഞ 4 വർഷംകൊണ്ടു 35 വിമാനത്താവളങ്ങൾ പണിതീർത്തതു സർക്കാരിന്റെ നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു.

സമുദ്രനിരപ്പിൽനിന്നു 4500 അടി ഉയരത്തിൽ, തലസ്ഥാനമായ ഗാങ്ടോക്കിൽനിന്നു 33 കിലോമീറ്റർ അകലെ പാക്യോങ് കുന്നിൻമുകളിൽ 201 ഏക്കർ സ്ഥലത്താണു വിമാനത്താവളം. ഒക്ടോബർ 4നു സർവീസ് ആരംഭിക്കും. പാക്യോങ്ങിൽനിന്നു കൊൽക്കത്തയ്ക്കും ഗുവാഹത്തിക്കുമാണു തുടക്കത്തിൽ സർവീസ്. ഇതോടെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങൾക്കും സ്വന്തം വിമാനത്താവളങ്ങളായി.