ഗൊഗോയിയുടെ നിയമനത്തിനെതിരായ ഹർജി തള്ളി

ന്യൂഡൽഹി∙ രഞ്ജൻ ഗൊഗോയിയെ സുപ്രീം കോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസായി തിരഞ്ഞെടുത്ത നടപടി ചോദ്യം ചെയ്തുള്ള ഹർജി സുപ്രീം കോടതി തള്ളി. അഭിഭാഷകരായ ആർ.പി.ലുത്ര, സത്യവീർ ശർമ എന്നിവർ സമർപ്പിച്ച ഹർജിയാണു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജഡ്ജിമാരായ എ.എം.ഖാൻവിൽകർ, ഡി.വൈ.ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ച് തള്ളിയത്.

നിയമനത്തിൽ ഇടപെടേണ്ട ഘട്ടം ഇതല്ലെന്ന് അവർ വ്യക്തമാക്കി.

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ രഞ്ജൻ ഗൊഗോയ് അടക്കം 4 സുപ്രീം കോടതി ജഡ്ജിമാർ ജനുവരിയിൽ നടത്തിയ പത്രസമ്മേളനം രാജ്യത്തിന്റെ നീതിന്യായ സംവിധാനത്തെ തകർക്കാനുള്ള ശ്രമമാണെന്നാണ് ഹർജിയിലെ ആരോപണം.

അടുത്ത ചീഫ് ജസ്റ്റിസായി ഗൊഗോയ് ഈ മാസമാദ്യമാണു നിയമിക്കപ്പട്ടത്. ഒക്ടോബർ മൂന്നിന് സ്ഥാനമേൽക്കും.