പ്രകൃതിക്ഷോഭം; ഹിമാചലിൽ 10 വിദേശികളുൾപ്പെടെ 16 സഞ്ചാരികളെ കാണാതായി

ഷിംല∙ കനത്ത മഴയും പ്രളയവും മണ്ണിടിച്ചിലും നേരിടുന്ന ഹിമാചൽപ്രദേശിലെ ചമ്പ ജില്ലയിൽ ട്രെക്കിങ് നടത്തുകയായിരുന്ന 16 പേരെ കാണാതായി. ഇവരിൽ 10 പേർ വിദേശികളാണ്. മലകയറ്റത്തിനുശേഷം ഇന്നലെ തിരിച്ചെത്തേണ്ടിയവരാണിവർ. രക്ഷാപ്രവർത്തകർ തിരച്ചിൽ ആരംഭിച്ചു. 

പാംഗി താലൂക്കിലെ ഹിൽത്വാൻ പ്രദേശത്തു 17ന് ആണു സംഘം എത്തിയത്. സ്ഥലവാസികളായ 17 ചുമട്ടുകാരെയും കൂട്ടിയാണു മലകയറ്റത്തിനു പുറപ്പെട്ടത്. 19നു ലക്ഷ്യസ്ഥാനത്തെത്തിയതിനെത്തുടർന്നു ചുമട്ടുകാർ മടങ്ങി. 29ന് അടിവാരത്തെ താവളത്തിൽ മടങ്ങിയെത്താനായിരുന്നു നിർദേശം. സഞ്ചാരികളുടെ പക്കൽ ആവശ്യത്തിനു ഭക്ഷണവും മരുന്നും ഉണ്ടെന്നാണു വിവരം. 

മിന്നൽപ്രളയത്തെത്തുടർന്ന് ഉയർന്ന പ്രദേശങ്ങളിൽ ഒറ്റപ്പെട്ട 234 പേരെ വ്യോമസേന രക്ഷപ്പെടുത്തി. ഇതിൽ നൂറോളം വിദേശികളും 58 കുട്ടികളും ഉൾപ്പെടും. കരസേന 96 പേരെയും രക്ഷപ്പെടുത്തി. 

മണ്ണിടിച്ചിലും ഹിമപാതവും മൂലം കരഗതാഗതം മുടങ്ങിയ സ്ഥലങ്ങളിൽ സൈന്യം തടസ്സങ്ങൾ നീക്കിവരുകയാണ്. റോഡുകളിൽ ഒട്ടേറെ വാഹനങ്ങൾ കുടുങ്ങിക്കിടപ്പുണ്ട്. ദുരന്തമേഖലകളിൽ ഭക്ഷണം, മരുന്ന് തുടങ്ങിയവ സൈന്യം എത്തിച്ചുവരുന്നു.