ഫോൺ, ബാങ്ക് അക്കൗണ്ട് ആധാർ ബന്ധനത്തിന് നിയമം ആവാം: ജയ്റ്റ്ലി

ന്യൂഡൽഹി ∙ മൊബൈൽ ഫോൺ കണക്‌ഷൻ, ബാങ്ക് അക്കൗണ്ട് എന്നിവ ആധാർ കാർഡുമായി ബന്ധിപ്പിക്കുന്നത് നിയമനിർമാണത്തിലൂടെ പുനഃസ്ഥാപിക്കാൻ കഴിയുമെന്ന് കേന്ദ്ര ധനമന്ത്രി അരു‍ൺ ജയ്റ്റ്ലി. എന്നാൽ ഇതിനായി സർക്കാർ നിയമനിർമാണം നടത്തുമോ എന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. കഴിഞ്ഞ മാസം സുപ്രധാന വിധിയിലൂടെ 12 അക്ക ആധാറിന്റെ ഭരണഘടനാപരമായ സാധുത അംഗീകരിച്ച സുപ്രീംകോടതി അത് ടെലികോം കമ്പനികളും ബാങ്കുകളും ഉപയോക്താവിന്റെ തിരിച്ചറിയലിന് ഉപയോഗിക്കുന്നത് വിലക്കിയിരുന്നു.

ആധാർ കേവലമൊരു തിരിച്ചറിയൽ രേഖയല്ല. സർക്കാർ സഹായങ്ങളും സബ്സിഡികളും അർഹരായവർക്കു ലഭിക്കാനാണ് ആധാർ ഉപയോഗപ്പെടുത്തേണ്ടത്. ഇത്തരം മേഖലകളിൽ നിയമ പിൻബലത്തോടെ ബാങ്ക് അക്കൗണ്ടും മൊബൈൽ ഫോണുകളും ആധാറുമായി ബന്ധിപ്പിക്കാനാവുമെന്നും ജയ്റ്റ്ലി പറഞ്ഞു.