എസ് –400 മിസൈൽ കരാർ: യുഎസ് പ്രതികരണം കരുതലോടെ

വാഷിങ്ടൻ ∙ എസ് –400 ട്രയംഫ് വ്യോമപ്രതിരോധ മിസൈൽ സംവിധാനം റഷ്യയിൽ നിന്നു വാങ്ങാനുള്ള ഇന്ത്യൻ തീരുമാനത്തോട് കരുതലോടെ പ്രതികരിച്ച് യുഎസ്. റഷ്യക്കെതിരെയുള്ള തങ്ങളുടെ ഉപരോധനയം അവരോടു സഹകരിക്കുന്നവരുടെയോ അവരുടെ കൂട്ടാളികളുടെയോ സൈനികശേഷിക്ക് ആഘാതം ഉണ്ടാക്കാൻ ഉദ്ദേശിച്ചുള്ളതല്ലെന്നു യുഎസ് വിശദമാക്കി.

തങ്ങളുടെ എതിരാളികളുമായി പ്രതിരോധക്കരാറിൽ ഏർപ്പെടുന്നവർക്കെതിരെ ഉപരോധം ചുമത്തുമെന്ന് കഴിഞ്ഞ ജനുവരിയിലാണു യുഎസ് പ്രഖ്യാപിച്ചത്. എന്നാൽ റഷ്യയിൽ നിന്നു മിസൈൽ വാങ്ങുന്നതു സംബന്ധിച്ച ചർച്ചകൾ 2016ൽ തന്നെ ആരംഭിച്ചതാണെന്നും റഷ്യ ഇന്ത്യയുടെ ദീർഘകാല പ്രതിരോധ പങ്കാളിയാണെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി. അതേസമയം, എസ് –400 മിസൈൽ വാങ്ങിയതിന് കഴി‍ഞ്ഞ മാസം ചൈനയ്ക്കെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയിരുന്നു.