വിദേശത്തുനിന്ന് കൊണ്ടുവന്ന കള്ളപ്പണമെത്ര? പ്രധാനമന്ത്രിയുടെ ഓഫിസിനോട് വിവരാവകാശ കമ്മിഷൻ

ന്യൂഡൽഹി∙ 2014– 17 കാലത്ത് കേന്ദ്രമന്ത്രിമാർക്കെതിരെ ഉയർന്ന അഴിമതിയുമായി ബന്ധപ്പെട്ട പരാതികളും സ്വീകരിച്ച മേൽനടപടികളും വെളിപ്പെടുത്തണമെന്നു കേന്ദ്ര വിവരാവകാശ കമ്മിഷൻ പ്രധാനമന്ത്രിയുടെ ഓഫിസിനോട് ആവശ്യപ്പെട്ടു. നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ എത്തിയ ശേഷം വിദേശത്തുനിന്ന് തിരികെ കൊണ്ടുവന്ന കള്ളപ്പണമെത്ര, ഇതിനായി സ്വീകരിച്ച നടപടികൾ എന്തെല്ലാം, ഈ തുകയിൽ എത്ര വീതം ഓരോ പൗരന്റെയും അക്കൗണ്ടിൽ നിക്ഷേപിച്ചു തുടങ്ങിയ കാര്യങ്ങളും വെളിപ്പെടുത്തണമെന്ന് മുഖ്യ വിവരാവകാശ കമ്മിഷണർ ആർ.കെ. മാഥുർ ഉത്തരവിട്ടു.

ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥനായ സഞ്ജീവ് ചതുർവേദിയുടെ പരാതിയിലാണ് നടപടി. വിവരാവകാശ നിയമപ്രകാരം ചതുർവേദി പ്രധാനമന്ത്രിയുടെ ഓഫിസിനോട് ഉന്നയിച്ച ഈ ചോദ്യങ്ങൾ വിവരാവകാശത്തിന്റെ പരിധിയിൽ വരുന്നതല്ലെന്നായിരുന്നു നിലപാട്. ഇതിനെതിരെയാണ് ചതുർവേദി കമ്മിഷനെ സമീപിച്ചത്.‌

കേന്ദ്ര പദ്ധതികളായ മെയ്ക് ഇൻ ഇന്ത്യ, സ്കിൽ ഇന്ത്യ, സ്വച്ഛ് ഭാരത്, സ്മാർട് സിറ്റി എന്നിവയെ കുറിച്ചും വിവരങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (എയിംസ്) ഉദ്യോഗസ്ഥരുടെ അഴിമതിയെയും ഇതുമായി ഒരു കേന്ദ്രമന്ത്രിക്കുള്ള ബന്ധത്തെയും കുറിച്ച് ചതുർവേദി പ്രധാനമന്ത്രിയുടെ ഓഫിസിന് മുൻപ് അയച്ച കത്തിൽ എന്തു നടപടി സ്വീകരിച്ചുവെന്നു വെളിപ്പെടുത്താനും ഉത്തരവുണ്ട്.

ഹരിയാനയിലെ മുൻ കോൺഗ്രസ് സർക്കാരിന്റെ അഴിമതിക്കെതിരെ രംഗത്തു വന്നതോടെയാണ് ചതുർവേദിയുടെ പോരാട്ടം ശ്രദ്ധേയമാകുന്നത്. ആരോപണങ്ങളിൽ കഴമ്പുണ്ടെന്നു കണ്ടെത്തിയ അന്നത്തെ യുപിഎ സർക്കാർ അദ്ദേഹത്തെ എയിംസിലെ ചീഫ് വിജിലൻസ് ഓഫിസറായി നിയമിച്ചു. എയിംസിനെ അഴിമതി മുക്തമാക്കാൻ ഏറെ പരിശ്രമിച്ച ചതുർവേദി ഇപ്പോൾ ഉത്തരാഖണ്ഡിൽ ഫോറസ്റ്റ് കൺസർവേറ്ററാണ്.