Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രതിപക്ഷ എതിർപ്പ്; വിവരാവകാശ ഭേദഗതി ബിൽ മാറ്റി‌വച്ചു

rti-logo-right-to-information

ന്യൂഡൽഹി∙ പ്രതിപക്ഷത്തു നിന്നു ശക്തമായ എതിർപ്പ് ഉയർന്നതിനെ തുടർന്നു വിവരാവകാശ ഭേദഗതി ബിൽ മാറ്റി‌വയ്ക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. വ്യാഴാഴ്ച പ്രധാനമന്ത്രിയുടെ ഓഫിസിലെ സഹമന്ത്രി ജിതേന്ദ്ര സിങ് രാജ്യസഭയിൽ ബിൽ അവതരിപ്പിക്കാനിരുന്നതാണ്. എന്നാൽ ബില്ലിനെ എതിർക്കുമെന്നു പ്രതിപക്ഷകക്ഷികൾ വ്യക്തമാക്കിയതോടെ സർക്കാരിനു വഴങ്ങേണ്ടി വന്നു.

സഭാകാര്യ ഉപദേശകസമിതിയിൽ ഈ വിഷയം ചർച്ചയ്ക്കു വന്നപ്പോൾ ബിൽ സിലക്ട് കമ്മിറ്റിക്കു വിടാമെന്നു സർക്കാർ ചൂണ്ടിക്കാട്ടി. എന്നാൽ അതിന് ആദ്യം ബിൽ സഭയിൽ അവതരിപ്പിക്കണം. സഭയാണു സിലക്ട് കമ്മിറ്റിക്കു വിടേണ്ടത്. അവതരണഘട്ടത്തിൽ ‌തന്നെ എതിർക്കും എന്നായിരുന്നു പ്രതിപക്ഷ നിലപാട്.

2005ലെ വിവരാവകാശ നിയമത്തിൽ ഭേദഗതി വരുത്താനുള്ളതാണു പുതിയ ബിൽ. ചീഫ് ഇൻഫർമേഷൻ കമ്മിഷണർ, ഇൻഫർമേഷൻ കമ്മിഷണർമാർ എന്നിവരുടെ കാലാവധി അഞ്ചു വർഷമാണ്. ഇതു മാറ്റാനും കേന്ദ്രസർക്കാരിന്റെ തീരുമാനം അനുസരിച്ചു കാലാവധി തീരുമാനിക്കാനും പുതിയ ഭേദഗതി അനുമതി നൽകുന്നു. ഇൻഫർമേഷൻ കമ്മിഷണർമാരുടെ കാലാവധി ഏതു നിമിഷവും അവസാനിപ്പിക്കാൻ ഇതു സർക്കാരിന് അധികാരം നൽകുന്നു.

വിവരാവകാശ കമ്മിഷണർമാരുടെ ശമ്പളവും ആനുകൂല്യവും ഇപ്പോൾ തിരഞ്ഞെടുപ്പു കമ്മിഷണർമാരുടേതിനു തുല്യമാണ്. ഇതു മാറ്റാനും പുതിയ ഭേദഗതി വ്യവസ്ഥ ചെയ്യുന്നു. പുതിയ ഭേദഗതി വിവരാവകാശ നിയമത്തെ പ്രയോജനരഹിതമാക്കുമെന്നു കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി ട്വിറ്ററിൽ ചൂണ്ടിക്കാട്ടി. സത്യം അറിയാൻ ഓരോ ഇന്ത്യക്കാരനും താൽപര്യമുണ്ട്. സത്യം മറച്ചുവയ്ക്കണം എന്നാണു ബി‌ജെ‌പി വിശ്വസിക്കുന്നത്. അധികാരത്തിൽ ഇരിക്കുന്നവരെ ജനങ്ങൾ ചോദ്യംചെയ്യരുത് എന്നും ബി‌ജെ‌പി കരുതുന്നു. ഈ ഭേദഗതികളെ ഓരോ ഇന്ത്യൻ‍ പൗരനും എതിർക്കണം – രാഹുൽ ആഹ്വാനം ചെയ്യുന്നു.