മെഹുൽ ചോക്സിക്കു സഹായം: ജയ്റ്റ്ലിക്കെതിരെ കോൺഗ്രസ്

സച്ചിൻ പൈലറ്റ്.

ന്യൂഡൽഹി∙ വായ്പാ തട്ടിപ്പു കേസ് പ്രതി മെഹുൽ ചോക്സിക്കു ധനമന്ത്രി അരുൺ ജയ്റ്റ്ലിയുടെ മകൾ, മരുമകൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള നിയമ സ്ഥാപനം സഹായം നൽകിയെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്ത്. ചോക്സിക്കെതിരായ പരാതികൾ അറിയാമായിരുന്നിട്ടും അദ്ദേഹത്തിന്റെ കമ്പനിയായ ഗീതാഞ്ജലി ജെംസിന് ഇവർ നിയമ സഹായം നൽകുകയും പ്രതിഫലമായി 24 ലക്ഷം രൂപ കൈപ്പറ്റുകയും ചെയ്തതുവെന്നു കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ് ആരോപിച്ചു.

ചോക്സിക്കെതിരെ പൊലീസ് പരാതി നിലനിൽക്കെയാണു നിയമ സഹായം നൽകിയത്. കേസ് റജിസ്റ്റർ ചെയ്തതിനു പിന്നാലെ കമ്പനിക്ക് ഇവർ പണം തിരികെ നൽകി. തട്ടിപ്പു നടത്തിയ ആളുടെ പണം സർക്കാരിനെ ഏൽപിക്കാതെ തിരികെ നൽകിയത് എന്തിനാണ്? ധാർമിക മൂല്യങ്ങളെക്കുറിച്ചു വാതോരാതെ സംസാരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജയ്റ്റ്ലിയും ഇക്കാര്യത്തിൽ പ്രതികരിക്കണം.

ധാർമികതയുടെ പേരിൽ പദവിയൊഴിയാൻ ജയ്റ്റ്ലി തയാറാവണം. ഭരണ നേതൃത്വം തട്ടിപ്പുകാരെ രാഷ്ട്രീയമായി സംരക്ഷിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.