ചാരക്കേസിൽകുറ്റവിമുക്തനായ എസ്.കെ.ശർമ നിര്യാതനായി

ബെംഗളൂരു ∙ ഐഎസ്ആർഒ ചാരക്കേസിൽ കുറ്റവിമുക്തനായ കരാറുകാരൻ സുധീർ കുമാർ ശർമ (എസ്.കെ. ശർമ- 62) അർബുദ ചികിൽസയ്ക്കിടെ നിര്യാതനായി. ബെംഗളൂരു ഇന്ദിരനഗർ നിവാസിയാണ്. ഭാര്യയും രണ്ടു മക്കളുമുണ്ട്.  കേരള പൊലീസ് ശാരീരിക പീഡനത്തിന് ഇരയാക്കിയതായി ആരോപിച്ച്, 20 വർഷമായി നഷ്ടപരിഹാരത്തിനുവേണ്ടിയുള്ള നിയമ പോരാട്ടത്തിലായിരുന്നു. 1998ൽ സുപ്രീം കോടതി കുറ്റവിമുക്തനാക്കിയപ്പോൾ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ചു. കേരള സർക്കാരിനും മറ്റുമെതിരെ നൽകിയ 55 ലക്ഷം രൂപയുടെ അപകീർത്തിക്കേസ് ബെംഗളൂരു സിറ്റി സിവിൽ കോടതിയിൽ നിലനിൽക്കെയാണ് അന്ത്യം.

കേസിൽ ഉൾപ്പെട്ട, റഷ്യൻ ബഹിരാകാശ ഏജൻസി ഗ്ലാവ്കോസ്മോസിന്റെ ഇന്ത്യൻ പ്രതിനിധി കെ.ചന്ദ്രശേഖറിന്റെ .സുഹൃത്തായിരുന്നു. ചാരക്കേസിലെ പ്രധാന പ്രതി മാലി സ്വദേശിനി ഫൗസിയ ഹസനെ ചന്ദ്രശേഖർ പരിചയപ്പെടുത്തിയതും തുടർന്ന് ഫൗസിയയുടെ മകൾക്കു ബെംഗളൂരുവിലെ സ്കൂളിൽ അഡ്മിഷനു ശർമ ശുപാർശ ചെയ്തതുമാണ് അറസ്റ്റിനു വഴിവച്ചത്. 1994ൽ ബെംഗളൂരുവിലെ ഡിആർഡിഒ (പ്രതിരോധ ഗവേഷണ കേന്ദ്രം) ഗെസ്റ്റ് ഹൗസിൽ നിന്നായിരുന്നു ശർമയുടെ അറസ്റ്റ്. ചന്ദ്രശേഖർ കഴിഞ്ഞമാസം നിര്യാതനായി.