തൊഴിൽ നിയമങ്ങളുടെ ഏകീകരണം: ഭേദഗതിക്കൊരുങ്ങി കേന്ദ്ര സർക്കാർ

ന്യൂഡൽഹി ∙ തൊഴിലാളികളുടെ സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നിയമ ഭേദഗതിക്കൊരുങ്ങി കേന്ദ്ര സർക്കാർ. അടൽ പെൻഷൻ പദ്ധതി, പ്രധാനമന്ത്രി അപകട ഇൻഷുറൻസ് പദ്ധതി എന്നിവ ഒരു വിഭാഗം തൊഴിലാളികൾക്കു സൗജന്യമായി ലഭ്യമാക്കുന്നതു സംബന്ധിച്ചു വിവിധ മന്ത്രാലയങ്ങളും നിതി ആയോഗും ചർച്ചനടത്തി. 

പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി നൃപേന്ദ്ര മിശ്ര അധ്യക്ഷത വഹിച്ച യോഗം, വിവിധ ഇൻഷുറൻസ് പദ്ധതികളിൽ തൊഴിലാളിയുടെ വിഹിതം കേന്ദ്ര സർക്കാർ വഹിക്കുന്നതിന്റെ സാധ്യതകൾ പരിശോധിച്ചു. 

തൊഴിലാളി ക്ഷേമം, വേതനം, സാമൂഹിക സുരക്ഷ, ആരോഗ്യം എന്നിവയിലൂന്നിയുള്ള ഭേദഗതികളാണു സർക്കാരിന്റെ പരിഗണനയിലുള്ളത്. ഇവയുമായി ബന്ധപ്പെട്ടു നിലവിലുള്ള 44 നിയമങ്ങൾ അതീവ സങ്കീർണമാണെന്നു വിലയിരുത്തിയാണു ഭേദഗതിക്കൊരുങ്ങുന്നത്. എതിർപ്പ് അറിയിച്ചിട്ടുള്ള തൊഴിലാളി സംഘടനകളുമായി വൈകാതെ ചർച്ചനടത്തും. 

പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ നിയമ ഭേദഗതികൾ പാസ്സാക്കുന്നതിനു വിവിധ കക്ഷികളുടെ പിന്തുണ തേടുമെന്നു സർക്കാർ വൃത്തങ്ങൾ പറഞ്ഞു. ഭേദഗതികൾക്കു സംസ്ഥാന സർക്കാരുകളുടെ പിന്തുണ തേടാൻ നിതി ആയോഗിനെ യോഗം ചുമതലപ്പെടുത്തി. നിലവിലുള്ള തൊഴിൽ നിയമങ്ങളുടെ ബാഹുല്യം കുറച്ച് അവ ഏകീകരിക്കേണ്ടത് അനിവാര്യമാണെന്നും യോഗം ചൂണ്ടിക്കാട്ടി.