എൻസിപിക്ക് ബിജെപിയുടെ ‘അറസ്റ്റ്’ ഭീഷണി

അജിത് പവാർ.

മുംബൈ ∙ മുതിർന്ന എൻസിപി നേതാവും മഹാരാഷ്ട്ര മുൻ ഉപമുഖ്യമന്ത്രിയുമായ അജിത് പവാറിനെ കോടികളുടെ ജലസേചന അഴിമതിക്കേസിൽ ഏതു നിമിഷവും അറസ്റ്റ് ചെയ്യാമെന്നു ബിജെപി. പുണെ പാർട്ടി റാലിയിലാണു മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെ സാക്ഷിയാക്കി പാർട്ടി സംസ്ഥാന അധ്യക്ഷൻ റാവു സാഹെബ് ധൻവെയുടെ ‘മുന്നറിയിപ്പ്’. കഴിഞ്ഞ തവണ മോദി തരംഗമായിരുന്നെങ്കിൽ ഇക്കുറി മോദി സൂനാമിയാണെന്നും ബിജെപിയോടൊപ്പം നിന്നാൽ രക്ഷപ്പെടാമെന്നും സഖ്യകക്ഷിയായ ശിവസേനയ്ക്കു ഫഡ്നാവിസും മുന്നറിയിപ്പ് നൽകി. 

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻസിപിയെ അഴിമതിപ്പാർട്ടിയെന്നു കളിയാക്കിയായിരുന്നു നരേന്ദ്രമോദിയുടെ പ്രചാരണം. എന്നാൽ,മോദി പ്രധാനമന്ത്രിയായതിനു പിന്നാലെ എൻസിപി അധ്യക്ഷൻ ശരദ് പവാറുമായി സൗഹൃദത്തിലായെന്നും ഇതോടെ അഴിമതി അന്വേഷണം ഇഴഞ്ഞെന്നും ആക്ഷേപമുയർന്നു. തിരഞ്ഞെടുപ്പ് വർഷത്തിലേക്കു കടക്കവേ, ഈ ആക്ഷേപം മറികടക്കാൻകൂടിയാണു ധൻവെയുടെ പരാമർശം.