ബിജെപിയെ ഞെട്ടിച്ച് കോൺഗ്രസ്– ദൾ മുന്നേറ്റം; കർണാടക ഉപതിരഞ്ഞെടുപ്പുകളിൽ 4–1 ജയം

കർണാടകയിലെ ജമഖണ്ഡിയിൽ തിരഞ്ഞെടുപ്പ് വിജയം ആഘോഷിക്കുന്ന കോൺഗ്രസ് പ്രവർത്തകർ. ചിത്രം: പിടിഐ

ബെംഗളൂരു∙ കർണാടക ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപിയെ നിഷ്പ്രഭമാക്കി കോൺഗ്രസ്–ജനതാദൾ (എസ്) മുന്നേറ്റം. 

ഒരു ലോക്സഭാ സീറ്റും 2 നിയമസഭാ സീറ്റുകളും നിലനിർത്തിയ സഖ്യം മറ്റൊരു ലോക്സഭാ സീറ്റ് ബിജെപിയിൽനിന്നു പിടിച്ചെടുത്തു. ബിജെപി ഒരു ലോക്സഭാ സീറ്റ് നിലനിർത്തി. 

14 വർഷമായി ബിജെപിയുടെ ഉരുക്കുകോട്ടയായ ബെള്ളാരി ലോക്സഭാ സീറ്റിൽ കോൺഗ്രസ് ഭൂരിപക്ഷം 2.43 ലക്ഷം. മണ്ഡ്യ ലോക്സഭാ സീറ്റ് നിലനിർത്തിയ ദൾ ഭൂരിപക്ഷം 5500ൽനിന്ന് 3.24 ലക്ഷമാക്കി. ബിജെപി സംസ്ഥാന അധ്യക്ഷൻ ബി.എസ്.യെഡിയൂരപ്പ രാജിവച്ച ശിവമൊഗ്ഗ ലോക്സഭാ സീറ്റിൽ മകൻ ബി.

വൈ. രാഘവേന്ദ്ര ജയിച്ചു; ഭൂരിപക്ഷം 3.63 ലക്ഷത്തിൽനിന്ന് 52,148 ആയി കുറഞ്ഞു. 

മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി രണ്ടിടത്തു ജയിച്ചതിനെ തുടർന്നു രാജിവച്ച രാമനഗര നിയമസഭാ സീറ്റിൽ ഭാര്യ അനിത നേടിയത് 1.09 ലക്ഷത്തിന്റെ ഏകപക്ഷീയ ജയം. വോട്ടെടുപ്പിനു 2 ദിവസം മുൻപു കോൺഗ്രസിലേക്കു കൂറുമാറിയ ബിജെപി സ്ഥാനാർഥി എൽ.ചന്ദ്രശേഖറിനു 15,906 വോട്ട് കിട്ടിയതു കൗതുകമായി. സ്ഥാനാർഥിയില്ലെങ്കിലും പാർട്ടി ചിഹ്നത്തിൽ വോട്ട് ചെയ്യാൻ ബിജെപി അഭ്യർഥിച്ചിരുന്നു. മേയിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്  2795 വോട്ടിനു കടന്നുകൂടിയ ജമഖണ്ഡിയിൽ ഇത്തവണ ഭൂരിപക്ഷം 39,480. എംഎൽഎ അപകടത്തിൽ മരിച്ചതിനെത്തുടർന്നായിരുന്നു ഉപതിരഞ്ഞെടുപ്പ്.  നിയമസഭയിലേക്കു ജയിച്ച എംപിമാർ രാജിവച്ച ഒഴിവിലായിരുന്നു 3 ലോക്സഭാ ഉപതിരഞ്ഞെടുപ്പുകളും. പൊതുതിരഞ്ഞെടുപ്പു വരുന്നതിനാൽ വിജയികൾക്കു ശേഷിക്കുന്നത് ഏതാനും മാസം മാത്രം. 

കോൺഗ്രസ് – ദൾ മുന്നേറ്റം ദേശീയതലത്തിൽ പ്രതിപക്ഷ ഐക്യശ്രമങ്ങൾക്ക് ഊർജം പകരും. റെഡ്ഡി സഹോദരൻമാരുടെ ഖനിലോബി ‘ഭരിക്കുന്ന’ ബെള്ളാരിയിൽ അവരുടെ ഉറ്റകൂട്ടാളി ബി. ശ്രീരാമുലുവിന്റെ സഹോദരി ജെ.ശാന്തയെ സ്ഥാനാർഥിയാക്കിയിട്ടും കാലിടറിയതു ബിജെപിക്കു വലിയ തിരിച്ചടിയായി. ഉറച്ച കോട്ടയായിരിക്കെ, സോണിയ ഗാന്ധി 1999ൽ വിജയിച്ച മണ്ഡലം കോൺഗ്രസിനു പിന്നീടു കൈമോശം വരികയായിരുന്നു.