Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിജെപിയുടെ കർണാടക പാഠം: ആശ്രയം ഉത്തരേന്ത്യ; കോൺഗ്രസിനുള്ള പാഠം: വേണ്ടത് കർണാടക മോഡൽ

Karnataka-congress

ന്യൂഡൽഹി∙ ആറുമാസത്തിനകം എത്തുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ദക്ഷിണേന്ത്യയിൽ നിന്ന് കാര്യമായ സീറ്റുകളൊന്നും പ്രതീക്ഷിക്കേണ്ടെന്ന ചുവരെഴുത്താണു കർണാടക ഉപതിരഞ്ഞെടുപ്പു ഫലത്തിൽ ബിജെപി കാണുന്നത്. കോൺഗ്രസിന് ഈ ഫലം നൽകുന്ന സന്ദേശവും വ്യക്തം– ബിജെപിയെ പരാജയപ്പെടുത്തണമെങ്കിൽ എല്ലാ സംസ്ഥാനത്തും സഖ്യകക്ഷികളെ കണ്ടെത്തിയേ തീരൂ. 

തെക്കേ ഇന്ത്യയിൽ ബിജെപിക്കു കാര്യമായ അടിത്തറയുള്ള സംസ്ഥാനമാണു കർണാടക. എന്നാൽ, കോൺഗ്രസും ജനതാദളും (എസ്) ഒന്നിച്ചു നിന്നാൽ ബിജെപി ബഹുദൂരം പിന്നിലാകുമെന്നു വ്യക്തമായിരിക്കുന്നു. 

ഈ നില തുടർന്നാൽ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കും അധികാരം നിലനിർത്താൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെത്തന്നെ ആശ്രയിക്കേണ്ടി വരും. ദേശീയകക്ഷി എന്ന വല്യേട്ടൻ മനോഭാവം വെടിഞ്ഞ് ചെറുകക്ഷികളെ ഒപ്പം നിർത്താൻ തയാറാകണമെന്നതാണു കർണാടക കോൺഗ്രസിനു നൽകുന്ന പാഠം. ഉത്തർപ്രദേശ്, മധ്യപ്രദേശ് തുടങ്ങി വലിയ സംസ്ഥാനങ്ങളിൽ കൂടി അതുണ്ടായാലേ പ്രതിപക്ഷ െഎക്യം യാഥാർഥ്യമാകൂ. 

2014ൽ കർണാടകയിലെ 28 സീറ്റിൽ പതിനേഴും ബിജെപിക്കായിരുന്നു. കോൺഗ്രസിന് ഒൻപതും ദളിനു രണ്ടും സീറ്റാണ് അന്നു കിട്ടിയത്.  

കർണാടകയിൽ ബിജെപിയുടെ പ്രചാരണ തന്ത്രങ്ങളൊന്നും വിജയം കണ്ടില്ല. രാഹുൽ ഗാന്ധിയെ പരിഹസിച്ച് എഴുതിത്തള്ളുന്ന സമീപനവും കോൺഗ്രസിനും ദളിനുമെതിരെ ഉന്നയിച്ച അഴിമതി ആരോപണങ്ങളും പാളി. നേതാക്കളുടെ പരസ്പരധാരണയില്ലായ്മ എതിരായി. രാമനഗരയിൽ സ്ഥാനാർഥി മറുപക്ഷത്തേക്കു പോകുന്ന ദുഃസ്ഥിതിയും നേരിട്ടു. 

കോൺഗ്രസ്– ദൾ സഖ്യം ദൃഢമായെന്നു മാത്രമല്ല, രാഹുൽ ഗാന്ധി കൈക്കൊണ്ട വിട്ടുവീഴ്ചാ മനോഭാവം സഖ്യത്തിനു കൂടുതൽ കരുത്തായി. ജാതി സമവാക്യങ്ങൾ പാലിക്കുന്നതിൽ സഖ്യം  കരുതൽ കാട്ടി. പട്ടികവർഗ സംവരണ മണ്ഡലമായ ബെള്ളാരിയിൽ സിദ്ധരാമയ്യയുടെ ദലിത് – പിന്നാക്ക – ന്യൂനപക്ഷ കൂട്ടായ്മയെ ജനം സ്വാഗതം ചെയ്തു. കൃഷി വായ്പകൾ എഴുതിത്തള്ളുമെന്ന വാഗ്ദാനം പൂർണമായി നടപ്പായില്ലെങ്കിലും  അതു ജനങ്ങൾക്കു വിശ്വാസം പകർന്നു. റഫാൽ ഇടപാടിൽ ബിജെപിയെ സംശയത്തിന്റെ പുകമറയിലാക്കാൻ രാഹുലിന്റെ പ്രചാരണം ഏറെ സഹായിച്ചു.

related stories