യുഎസ് ഉപരോധം: ചാബഹാറിനും റെയിൽ പദ്ധതിക്കും ഇളവ്

ന്യൂഡൽഹി ∙ ഇറാനിൽ ഇന്ത്യ മുതൽ മുടക്കിയിട്ടുള്ള ചാബഹാർ തുറമുഖ പദ്ധതിയും തുറമുഖത്തുനിന്ന് അഫ്ഗാനിസ്ഥാനിലേക്കുള്ള റെയിൽ പദ്ധതിയും യുഎസിന്റെ സാമ്പത്തിക ഉപരോധത്തിന്റെ പരിധിയിൽ വരില്ല. 2 പദ്ധതികൾക്കും ഇളവനുവദിച്ചെന്നു യുഎസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ഇറാനിലെ 3 സിവിൽ ആണവോർജ പദ്ധതികൾക്കും ഇറാഖിനു വൈദ്യുതിയും പ്രകൃതിവാതകവും വിൽക്കുന്നതിനും ഉപരോധം തടസ്സമാവില്ല. രാജ്യാന്തര ബാങ്ക് ഇടപാടു സംവിധാനമായ ‘സ്വിഫ്റ്റി’ന് ഉപരോധ പട്ടികയിൽ പെടാത്ത ഇറാൻ ബാങ്കുകളുമായി ഇടപാടു നടത്താം. ഭക്ഷ്യവസ്തുക്കളും മരുന്നുകളും വാങ്ങുന്നതുമായി ബന്ധപ്പെട്ട ഇടപാടുകൾ മാത്രമാണ് അനുവദിച്ചിട്ടുള്ളത്. 

ഇന്ത്യക്ക് നയതന്ത്ര വിജയം

അഫ്ഗാനിസ്ഥാന്റെ പുനർനിർമാണവും സാമ്പത്തിക വളർച്ചയുമാണു ചാബഹാറിന് ഇളവു നൽകുന്നതിനു യുഎസ് പറയുന്ന കാരണം. ഒപ്പം ഇന്ത്യയുമായുള്ള ബന്ധത്തിന്റെ പ്രാധാന്യവും എടുത്തുപറയുന്നു, എന്നാൽ ചാബഹാറിനു ലഭിച്ച ഇളവ് ഇന്ത്യൻ നയതന്ത്രത്തിന്റെ വിജയമായി വിലയിരുത്തപ്പെടുന്നുണ്ട്. ചാബഹാർ പ്രതിസന്ധിയിലാകുന്ന സാഹചര്യം ചൈന മുതലെടുക്കുമെന്നും അതു ഇന്ത്യയുടെയും യുഎസിന്റെയും താൽപര്യങ്ങളെ ബാധിക്കുമെന്നും യുഎസിനെ ബോധ്യപ്പെടുത്താനായി. 

വിയോജിപ്പ് തുടരുന്നു

മധ്യ ഇറാനിലെ അറക്, തെക്കുള്ള ബുഷെഹർ, ക്വോം നഗരത്തിനു സമീപമുള്ള ഫൊർദൗ എന്നീ സിവിൽ ആണവ പദ്ധതികളെയാണ് ഉപരോധത്തിൽനിന്ന് ഒഴിവാക്കിയത്. ഇവ കർശന നിരീക്ഷണത്തിലായിരിക്കുമെന്നും  ഇളവു താൽക്കാലികമാണെന്നും യുഎസ് വ്യക്തമാക്കി. ഉപരോധത്തോടു യൂറോപ്യൻ യൂണിയനും യുകെയും റഷ്യയും ചൈനയും ഫ്രാൻസും ജർമനിയും ഉയർത്തിയ വിയോജിപ്പു തുടരുകയാണ്. ആണവ പദ്ധതികൾ സംബന്ധിച്ച ഉടമ്പടി വ്യവസ്ഥകൾ ഇറാൻ പാലിക്കുന്നുണ്ടെന്നും യുഎൻ പരിശോധകർ ഇതു സ്ഥിരീകരിച്ചിട്ടുണ്ടെന്നും ഈ രാജ്യങ്ങൾ ചൂണ്ടിക്കാട്ടുന്നു. സാമ്പത്തികമായി ഉപരോധിച്ച് ഒറ്റപ്പെടുത്തിയാൽ ചർച്ചയിലേക്ക് ഇറാനെ മടക്കിക്കൊണ്ടുവരാൻ പ്രയാസമാണെന്നും ഇവർക്കു നിലപാടുണ്ട്. 

സ്വിഫ്റ്റിന്റെ പ്രശ്നം

രാജ്യാന്തര ബാങ്ക് ഇടപാടുകളുടെ സന്ദേശ കൈമാറ്റക്കാരാണു ബൽജിയം ആസ്ഥാനമായ സ്വിഫ്റ്റ് (സൊസൈറ്റി ഫോർ വേൾഡ്‌വൈഡ് ഇന്റർബാങ്ക് ടെലികമ്യൂണിക്കേഷൻ). ഇവരെ സാമ്പത്തിക ഉപരോധവുമായി ബന്ധപ്പെടുത്തുന്നതിനെച്ചൊല്ലി യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടനും വിദേശകാര്യ, ട്രഷറി വകുപ്പുകളും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇറാനിലെ ബാങ്കുകളുമായി സഹകരിക്കാൻ സ്വിഫ്റ്റിനെ അനുവദിക്കുന്നത് ഉപരോധലക്ഷ്യങ്ങൾക്കു വിരുദ്ധമാകുമെന്നാണു ബോൾട്ടൻ വാദിച്ചത്. എന്നാൽ, ഉപരോധം ബാധകമാകുന്ന ബാങ്കുകളെ മാത്രം സ്വിഫ്റ്റ് ഒഴിവാക്കിയാൽ മതിയെന്നും മറിച്ചുള്ള നിലപാട് രാജ്യാന്തര സമൂഹം എതിർക്കുമെന്നും മറുപക്ഷം നിലപാടെടുത്തു.