അസം മെഡിക്കൽ കോളജിൽ 6 ദിവസത്തിനിടെ 15 ശിശുമരണം

ഗുവാഹത്തി∙ അസമിൽ ജോർഹാത് മെഡിക്കൽ കോളജ് ആശുപത്രിയിൽ 6 ദിവസത്തിനിടെ 15 നവജാതശിശുക്കൾ മരിച്ച സംഭവത്തിൽ സർക്കാർ അന്വേഷണം. ആരംഭിച്ചു. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘത്തെയാണു നിയോഗിച്ചിട്ടുള്ളതെന്ന് ആരോഗ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ അറിയിച്ചു. ആശുപത്രി അധികൃതരും ആറംഗ സമിതിയെ നിയോഗിച്ചു.

ഈ മാസം ഒന്നിനും ആറിനുമിടെയാണു മരണങ്ങളുണ്ടായതെന്നും ചികിൽസാപ്പിഴവോ ശ്രദ്ധക്കുറവോ അല്ല കാരണമെന്നും  ആശുപത്രി സൂപ്രണ്ട് സൗരവ് ബൊർക്കാകോതി പറഞ്ഞു. 141 നവജാതശിശുക്കളെ ഉൾക്കൊള്ളാനുള്ള സൗകര്യം മാത്രമേ ആശുപത്രിയിലുള്ളൂ. എത്തുന്ന രോഗികളുടെ എണ്ണം, ഇതിലും വളരെ കൂടുതലാണ്.  പ്രസവസംബന്ധമായ സങ്കീർണതകൾ, വേണ്ടത്ര തൂക്കമില്ലാതെ ജനിക്കുന്ന കുഞ്ഞുങ്ങൾ എന്നിങ്ങനെ സ്വാഭാവികമായ സാഹചര്യത്തിലുണ്ടായ മരണങ്ങളാണു സംഭവിച്ചിട്ടുള്ളതെന്നു ആശുപ്രത്രി അധികൃതർ പറഞ്ഞു.