അസം സർക്കാരിനുള്ള പിന്തുണ എജിപി പിൻവലിച്ചു

bjp-logo
SHARE

ന്യൂഡൽഹി ∙  പുതുക്കിയ പൗരത്വ നിയമഭേദഗതി ബിൽ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചതിനു പിന്നാലെ അസം ഗണ പരിഷത്, സംസ്ഥാനത്തെ ബിജെപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു. 

ബംഗ്ലദേശ്, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള മു‌സ്‌ലിം ഇതര വിഭാഗക്കാർക്കു പൗരത്വം നൽകാൻ വ്യവസ്ഥ ചെയ്യുന്നതാണു ഭേദഗതി ബിൽ.  ജാതി, മത ഭേദമില്ലാതെ അനധികൃത കുടിയേറ്റക്കാർക്കെല്ലാം പൗരത്വം നിഷേധിക്കണമെന്നാണ് എജിപിയുടെ ആവശ്യം.

കരടു ബിൽ പരിശോധിച്ച പാർലമെന്റ് സമിതി റിപ്പോർട്ട് സമർപ്പിച്ചതിനു പിന്നാലെയാണു മന്ത്രിസഭാ തീരുമാനം. അസമിലെയും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെയും വലിയ വിഭാഗം ബില്ലിനെതിരാണ്. ബി‌ൽ ഇന്നു പാർ‌ലമെന്റിന്റെ പരിഗണനയ്ക്കെത്തിയേക്കും.

ഹിന്ദു, സിഖ്, പാഴ്സി, ബുദ്ധ, ജൈന, ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നുള്ളവർക്കാണു പ്രയോജനം. കൃത്യമായ രേഖകളില്ലെങ്കിലും അവർക്കു പൗരത്വം ലഭിക്കും. 2014 ൽ ബിജെപിയുടെ തിരഞ്ഞെടുപ്പു വാഗ്ദാനമായിരുന്നു ഇത്.

പിഡിപി (കശ്മീർ), ടിഡിപി (ആന്ധ്ര), ഉപേന്ദ്ര ഖുശ്‌വാഹയുടെ ആർഎൽഎസ്പി, ജിതൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോർച്ച (ബിഹാർ) എന്നിവയ്ക്കു പിന്നാലെയാണ് എജിപിയും ബിജെപിയോട് ഇടയുന്നത്. യുപിയിലെ ചെറു സഖ്യകക്ഷികളായ അപ്ന ദൾ, സുഹൽ ദേവ് ബിഎസ്പി എന്നിവയും ഇടഞ്ഞുനിൽക്കുകയാണ്.

എജിപി പിന്തുണയില്ലെങ്കിലും അസമിൽ ബിജെപി സർക്കാരിനു ഭരണം തുടരാം. 126 അംഗ സഭയിൽ ബിജെപിക്ക് 61 ഉം ഭരണപങ്കാളിയായ ബോഡോ പീപ്പിൾസ് ഫ്രണ്ടിന് 12 ഉം എംഎൽഎമാരുണ്ട്. എജിപിക്കു 14 അംഗങ്ങളാണുള്ളത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA