സിനിമയിലെ വിവാദ രംഗങ്ങൾ നീക്കി ‘സർക്കാർ’ വിരുദ്ധ സമരം നിർത്തി അണ്ണാഡിഎംകെ

ചെന്നൈ ∙ അണ്ണാ ഡിഎംകെയുടെ കടുത്ത പ്രതിഷേധങ്ങൾക്കു വഴങ്ങി വിജയ് ചിത്രം ‘സർക്കാരി’ലെ വിവാദ രംഗങ്ങൾ നീക്കി നിർമാതാക്കൾ. വോട്ടിനു വേണ്ടി പാ‍ർട്ടിക്കാർ നൽകിയ സൗജന്യ വസ്തുക്കൾ തീയിടുന്ന ഭാഗം വെട്ടിമാറ്റിയും ജയലളിതയോടു സാമ്യമുള്ളത് എന്നാരോപണമുയർന്ന കഥാപാത്രത്തിന്റെ പേര് മ്യൂട്ട് (നിശ്ശബ്ദമാക്കി) ചെയ്തുമാണു പ്രശ്നം പരിഹരിച്ചത്. ഇതോടെ, സമരം അവസാനിച്ചതായി അണ്ണാഡിഎംകെ അറിയിച്ചു. സർക്കാർ വകുപ്പുകളെ പരസ്യമായി ആക്ഷേപിക്കുന്ന ചില ഭാഗങ്ങളും ഒഴിവാക്കി. ദ്രാവിഡ ഭരണത്തെ അടച്ചാക്ഷേപിക്കുന്ന രംഗങ്ങളിൽ ഡിഎംകെയും അതൃപ്തരായിരുന്നു. അതേസമയം, തമിഴ്നാട് ഒഴികെയുള്ള മറ്റിടങ്ങളിലെല്ലാം സിനിമ പൂർണമായി പ്രദർശിപ്പിക്കും.

അതിനിടെ, സംവിധായകൻ മുരുഗദോസിന്റെ അറസ്റ്റ് 27 വരെ ഹൈക്കോടതി ത‍ടഞ്ഞു. വ്യാഴാഴ്ച രാത്രി പൊലീസ് വീട്ടിൽ അന്വേഷിച്ചെത്തിയതിനെ തുടർന്നാണു സംവിധായകൻ മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിലെത്തിയത്.  പൊതുജനങ്ങൾക്കു പ്രയാസമാകുന്ന രീതിയിൽ ബാനറുകൾ സ്ഥാപിച്ചതിനു സംസ്ഥാനമൊട്ടാകെ വിജയ് ആരാധകർക്കെതിരെ കേസെടുത്തു. എന്നാൽ, ചിത്രത്തിനെതിരായ പ്രതിഷേധത്തെ ശക്തമായ ഭാഷയിൽ അപലപിച്ചു തമിഴ് സിനിമാ ലോകം രംഗത്തെത്തി.