കേന്ദ്രമന്ത്രി എച്ച്.എൻ.അനന്ത് കുമാറിന് വിട

ബെംഗളൂരു∙ ശ്വാസകോശ അർബുദബാധയെ തുടർന്നു ചികിൽസയിലായിരുന്ന കേന്ദ്ര പാർലമെന്ററികാര്യ, വളം–രാസവസ്തു മന്ത്രി എച്ച്.എൻ അനന്ത് കുമാർ (59) അന്തരിച്ചു. നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ തിങ്കളാഴ്ച പുലർച്ചെ രണ്ടിനായിരുന്നു അന്ത്യം. 

കർണാടകയെ, ബിജെപി അധികാരത്തിലെത്തുന്ന ആദ്യ ദക്ഷിണേന്ത്യൻ സംസ്ഥാനമാക്കിയതിൽ പ്രധാന പങ്കുവഹിച്ച നേതാവാണ് അനന്ത് കുമാർ. റെയിൽവേ ജീവനക്കാരന്റെ മകനായി ജനിച്ച്, എബിവിപിയിലൂടെ രാഷ്ട്രീയത്തിലെത്തി. ബെംഗളൂരു സൗത്ത്‌ ലോക്സഭാ മണ്ഡലത്തിൽ നിന്ന് 1996 മുതൽ തുടർച്ചയായി ആറുതവണ എംപിയായി. 1995ൽ ബിജെപി ദേശീയ സെക്രട്ടറി. 

 1998ൽ വാജ്‌പേയി സർക്കാരിൽ സിവിൽ വ്യോമയാന വകുപ്പിന്റെ ചുമതല ലഭിക്കുമ്പോൾ ഏറ്റവും പ്രായം കുറഞ്ഞ കേന്ദ്രമന്ത്രിയായിരുന്നു. 1999–2004 കാലത്തെ വാജ്‌പേയി സർക്കാരിലും പല വകുപ്പുകൾ കൈകാര്യം ചെയ്തു. 2003ൽ പാർട്ടി കർണാടക പ്രസിഡന്റും തുടർന്ന് ദേശീയ ജനറൽ സെക്രട്ടറിയുമായി. 

ലണ്ടനിലും ന്യൂയോർക്കിലും ചികിൽസ തേടിയ ശേഷം ഒക്ടോബർ 20നാണ് ബെംഗളൂരുവിൽ തിരിച്ചെത്തിയത്. ഇന്ന് രാവിലെ എട്ടിന് മല്ലേശ്വരത്തെ ബിജെപി ആസ്ഥാനത്തും 10ന് ബസവനഗുഡി നാഷനൽ കോളജ് ഗ്രൗണ്ടിലും പൊതുദർശനത്തിനു ശേഷം ഒരു മണിയോടെ ചാമരാജ്പേട്ട് ടിആർ മിൽ ശ്മശാനത്തിൽ സംസ്കരിക്കും. ഭാര്യ: തേജസ്വിനി. മക്കൾ: ഐശ്വര്യ, വിജേത. 

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ രാത്രി ബെംഗളൂരുവിലെ വസതിയിലെത്തി അന്തിമോപചാരം അർപ്പിച്ചു. രാഷ്ട്രപതി റാംനാഥ് കോവിന്ദ് ഉൾപ്പെടെയുള്ളവർ അനുശോചനം അറിയിച്ചു.