Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അസാധാരണ വ്യക്തിത്വം, തലയെടുപ്പുള്ള നേതാവ്; ഓർമകളിൽ അനന്ത് കുമാർ

സി.കെ. ശിവാനന്ദൻ
Ananth Kumar

ലോക്‌സഭയില്‍ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പ്രസംഗിച്ച ശേഷം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നേരെ ഭരണപക്ഷ നിരയിലേക്കുപോയി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആലിംഗനം ചെയ്തതു ദൃശ്യമാധ്യമങ്ങളില്‍ നാം കണ്ടു. അപ്പോള്‍ തൊട്ടുപിന്നിലെ ഇരിപ്പിടത്തിലിരുന്നു ചിരിച്ച പാര്‍ലമെന്ററികാര്യ മന്ത്രി എച്ച്.എന്‍. അനന്ത്കുമാറിന്റെ മുഖവും നാം കണ്ടു. ആ ചിരിയില്‍ എല്ലാമുണ്ടായിരുന്നു. പാര്‍ലമെന്ററികാര്യ മന്ത്രി എന്ന നിലയില്‍ അവിശ്വാസ പ്രമേയം പരാജയപ്പെടുത്തേണ്ടതിനുള്ള തന്ത്രം മെനയേണ്ട ചുമതലയുള്ളയാളുടെ ചിരി എന്നതിലുപരി രാഹുലിനോടുള്ള വാല്‍സല്യംകൂടി പ്രതിഫലിക്കുന്നതായിരുന്നു ആ ചിരി.

അനന്ത്കുമാര്‍ എന്നും അങ്ങനെയായിരുന്നു. പുഞ്ചിരിക്കുന്ന മനസ്സിന്റെ നേര്‍ പ്രതിഫലനമായിരുന്നു ചുണ്ടുകളിലുണ്ടായിരുന്നത്. കര്‍ണാടക രാഷ്ട്രീയത്തില്‍ സര്‍വര്‍ക്കും സ്വീകാര്യനായിരുന്നു എന്നും അക്ഷോഭ്യനായി കാണപ്പെട്ടിരുന്ന അനന്ത്കുമാര്‍. എളിമയാണു മുഖമുദ്ര. കര്‍മോല്‍സുകതയായിരുന്നു കൈമുതല്‍. അത് രാഷ്ട്രീയത്തില്‍ അസൂയാവഹമായ വളര്‍ച്ചയ്ക്ക് അദ്ദേഹത്തെ തുണയ്ക്കുകയും ചെയ്തു. 

കര്‍ണാടക രാഷ്ട്രീയത്തില്‍ ബിജെപിയെ ഒരു ശക്തിയായി വളര്‍ത്തിയെടുക്കുന്നതില്‍ മുഖ്യപങ്കുവഹിച്ച നേതാവാണ് അനന്ത്കുമാര്‍. വര്‍ഷങ്ങളോളം ബിജെപി സംസ്ഥാന പ്രസിഡന്റായിരുന്ന അനന്ത്കുമാറും മുന്‍ മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പയും ചേര്‍ന്നാണു ബിജെപിയെ കര്‍ണാടകയില്‍ കരുത്തുറ്റ രാഷ്ട്രീയ പ്ര്സ്ഥാനമാക്കിമാറ്റിയത്. പിന്നീടു ദേശീയ രാഷ്ട്രീയത്തിലേക്കു പോയ അനന്ത്കുമാര്‍ മരിക്കുംവരെയും ദേശീയനേതൃത്വത്തിലെ ശ്രദ്ധേയനും കരുത്തനുമായ രാഷ്ട്രീയനേതാവായി നിന്നു.

1996ലാണ് ബെംഗളൂരു സൗത്ത് മണ്ഡലത്തില്‍ നിന്ന് ആദ്യമായി ലോക്‌സഭയിലേക്കു ജയിച്ചത്. ആറു തവണ അദ്ദേഹം ലോക്‌സഭാംഗമായി. എ.ബി.വാജ്‌പേയി മന്ത്രിസഭയില്‍ രണ്ടുതവണയും പിന്നീടു നരേന്ദ്ര മോദി മന്ത്രിസഭയിലും അദ്ദേഹം ശ്രദ്ധേയ വകുപ്പുകള്‍ കൈകാര്യം ചെയ്തു. ബിജെപിയുടെ ദേശീയ വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി സ്ഥാനങ്ങളും അദ്ദേഹം വഹിച്ചു. 

സുപ്രധാന വിഷയങ്ങളില്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളെ കാണുന്ന പ്രധാന വക്താവായിരുന്നു എന്നും ബിജെപിക്ക് അനന്ത്കുമാര്‍. പ്രമോദ് മഹാജനൊപ്പം ഏറ്റവുമടുത്ത വിശ്വസ്തനായി എ.ബി.വാജ്‌പേയിയും എല്‍.കെ. അഡ്വാനിയും കണ്ടിരുന്നത് അനന്ത്കുമാറിനെ ആയിരുന്നു. കന്നഡയും ഇംഗ്‌ളിഷും കൈകാര്യം ചെയ്തിരുന്ന അതേ അനായാസേന ഹിന്ദിയും കൈകാര്യം ചെയ്യുമെന്നത് അനന്ത്കുമാറിനെ ഏറെ തുണച്ചു. ലോക്‌സഭയിലും ദേശീയ രംഗത്തെ പൊതുവേദികളിലും അനന്ത്കുമാര്‍ ഹിന്ദിയിലാണു പ്രസംഗിച്ചിരുന്നത്. സുഷമ സ്വരാജ്, അരുണ്‍ ജെയ്റ്റ്‌ലി, അന്തരിച്ച പ്രമോദ് മഹാജന്‍, അനന്ത്കുമാര്‍ എന്നിവര്‍ വാജ്‌പേയിയുടെയും അഡ്വാനിയുടെയും 'കോര്‍ ടീമായി' ആയിരുന്നു അറിയപ്പെട്ടിരുന്നത്. 

യെഡിയൂരപ്പയ്‌ക്കൊപ്പം തലയെടുപ്പുള്ള നേതാവായിരുന്നു കര്‍ണാടകയില്‍ അനന്ത്കുമാര്‍. കപ്പിനും ചുണ്ടിനുമിടയില്‍ മുഖ്യമന്ത്രിപദം നഷ്ടമായ നേതാവുകൂടിയാണ് അനന്ത്കുമാര്‍. 2004ലെ നിയമസഭാ തിരഞ്ഞെടുപ്പുസമയത്ത് ബിജെപി സംസ്ഥാന പ്രസിഡന്റായിരുന്നു അദ്ദേഹം. ആ തിരഞ്ഞെടുപ്പില്‍ ബിജെപി സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. എന്നാല്‍ കേവലഭൂരിപക്ഷം ഉണ്ടായിരുന്നില്ല. മന്ത്രിസഭയുണ്ടാക്കാനുള്ള ബിജെപി ശ്രമം വിജയിച്ചതുമില്ല. പിന്നീടു ബിജെപി അധികാരത്തിലെത്തുകയും ബി.എസ്.യെഡിയൂരപ്പ മുഖ്യമന്ത്രിയാകുകയും ചെയ്തു. എന്നാല്‍, അഴിമതിക്കേസുകളില്‍പെട്ട് യെഡിയൂരപ്പയ്ക്കു സ്ഥാനം നഷ്ടമായപ്പോഴും അനന്ത്കുമാറിനെ ഭാഗ്യം തുണച്ചില്ല. നിയമസഭാ കക്ഷിയില്‍ യെഡിയൂരപ്പയ്ക്കായിരുന്നു കൂടുതല്‍ സ്വാധീനം. ദേശീയനേതാക്കളുടെ പിന്തുണയോടെ മുഖ്യമന്ത്രിസ്ഥാനത്തേക്കു വരാമായിരുന്നിട്ടും അനന്ത്കുമാര്‍ അതിനു ശ്രമിച്ചില്ല. 

താന്‍ പരിചയപ്പെട്ട ഏതൊരു വ്യക്തിയോടും എളിമയോടും മാന്യതയോടും മാത്രം പെരുമാറിയിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. ബെംഗളൂരുവില്‍ ഒരു സാധാരണ റെയില്‍വേ ജീവനക്കാരന്റെ മകനായി ജനിച്ചു നിയമബിരുദവും സ്വന്തമാക്കിയ അനന്ത്കുമാര്‍ എന്നും ഓരോ സ്ഥാനങ്ങളും നേടിയെടുത്തത് കഠിനപ്രയത്‌നത്തിലൂടെയായിരുന്നു. അദ്ദേഹത്തെ അടുത്തറിയുന്ന സര്‍വരെയും ഞെട്ടിച്ചതായി ആ വിയോഗവാര്‍ത്ത.