Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അനന്തം, അഡ്വാനിപക്ഷം; ആറു തവണയും കൈവിടാത്ത ബെംഗളൂരു സൗത്ത്

LK-Advani-Anand-Kumar അനന്ത് കുമാറും എൽ.കെ.അഡ്വാനിയും

വിട പറഞ്ഞ കേന്ദ്രമന്ത്രി എച്ച്.എൻ.അനന്ത് കുമാർ എന്നും അഡ്വാനി പക്ഷക്കാരനായിട്ടാണ് അറിയപ്പെട്ടിരുന്നത്. നരേന്ദ്ര മോദി അധികാരത്തിലേറിയപ്പോൾ അഡ്വാനിപക്ഷത്തുനിന്ന് മന്ത്രിസഭയിൽ അംഗത്വം ലഭിച്ച രണ്ടുപേരിൽ ഒരാളും ഇദ്ദേഹമായിരുന്നു. ദേശീയ നേതാവിന്റെ ഈ പ്രതിഛായ തന്നെയാണ് അനന്തകുമാറിനെ മന്ത്രിപദത്തിലേക്ക് നയിച്ചത്. ബാംഗ്ലൂർ സൗത്തിൽ നിന്ന് ആറാം തവണയും വിജയം കണ്ട അനന്തകുമാർ പരാജയപ്പെടുത്തിയത് രാജ്യത്തെ ഏറ്റവും സമ്പന്നനായ സ്‌ഥാനാർഥിയും ആധാർ മുൻ ചെയർമാനുമായ നന്ദൻ നിലേകനിയെയാണ്.

ആർഎസ്‌എസ് പ്രവർത്തകനായ അനന്തകുമാറും എബിവിപിയിലൂടെയാണ് രാഷ്‌ട്രീയത്തിയത്. വിദ്യാർഥി രാഷ്‌ട്രീയത്തിലെ സജീവ പ്രവർത്തനം അടിയന്തരാവസ്‌ഥ കാലത്ത് അദ്ദേഹത്തെ ജയിലിലെത്തിച്ചു. 1985ൽ എബിവിപി ദേശീയ സെക്രട്ടറിയായി. തുടർന്നായിരുന്നു ബിജെപി പ്രവേശനം. 1996ൽ ബിജെപി ദേശീയ സെക്രട്ടറിയായി. 1996ൽ ബാംഗ്ലൂർ സൗത്തിൽ നിന്ന് 11-ാം ലോക്‌സഭയിലെത്തി. തുടർന്ന് ആറു തവണ ഇതേ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അനന്തകുമാർ 1998ലെ വിജയത്തെ തുടർന്നു വാജ്‌പേയി സർക്കാരിൽ സിവിൽ ഏവിയേഷൻ മന്ത്രിയായി. 1999ൽ എൻഡിഎ സർക്കാരിൽ ടൂറിസം, സ്‌പോർട്‌സ് യുവജനക്ഷേമ വകുപ്പു മന്ത്രിയായി.

Ananth Kumar and Narendra Modi അനന്ത് കുമാറും നരേന്ദ്ര മോദിയും

2003ൽ ബിജെപി സംസ്‌ഥാന പ്രസിഡന്റായിരുന്നപ്പോൾ നിയമസഭയിൽ പാർട്ടിയെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായുയർത്തി. 2004ൽ ബിജെപി കർണാടകയിൽ നിന്ന് എറ്റവുമധികം എംപിമാരെ ലോക്‌സഭയിലേക്കെത്തിച്ചപ്പോഴും പാർട്ടി അധ്യക്ഷൻ അനന്തകുമാറായിരുന്നു. 2004ൽ ബിജെപി ദേശീയ ജനറൽ സെക്രട്ടറിയാകുകയായിരുന്നു. സംസ്‌ഥാന ബിജെപിയിൽ യെഡിയൂരപ്പയുടെ അപ്രമാദിത്തം നിലനിന്നപ്പോഴും അദ്ദേഹത്തിന്റെ എല്ലാ നിലപാടുകളെയും അനന്തകുമാർ ദേശീയ തലത്തിൽ ചോദ്യം ചെയ്‌തിരുന്നു.

BS Yediyurappa, HN Ananthakumar അനന്ത് കുമാറും ബി.എസ്.യെഡിയൂരപ്പയും

യെഡിയൂരപ്പയുടെ പതനത്തിൽ വലിയൊരു പങ്ക് വഹിച്ച അഡ്വാനിക്കൊപ്പം, കേന്ദ്രതലത്തിൽ ശക്‌തമായി നിലയുറപ്പിച്ചതും അനന്തകുമാറായിരുന്നു. അഴിമതിയുടെ പേരിൽ ഇത്തവണ യെഡിയൂരപ്പയെ മോദി സർക്കാരിന്റെ ഭാഗമാക്കാതെ അകറ്റി നിർത്തിയപ്പോൾ ക്യാബിനറ്റ് മന്ത്രിയായി അനന്തകുമാർ പാർട്ടിയിൽ വളർന്നുവെന്നത് മറ്റൊരു വിരോധാഭാസം. കെജെപിയെ ബിജെപിയിലേക്ക് ലയിപ്പിച്ച് യെഡിയൂരപ്പ മടങ്ങിയെത്തിയപ്പോൾ, ശത്രുതകളെല്ലാം മറന്നു പുന:പ്രവേശത്തിന് ഏറ്റവുമധികം പ്രയത്നിച്ചതും അനന്തകുമാറായിരുന്നു. 1959 ജൂലൈ 22ന് ബാംഗ്ലൂരിൽ ജനിച്ച അനന്തകുമാർ ബ്രാഹ്‌മണ സമുദായാംഗമാണ്.

ബെംഗളൂരു സൗത്തിന്റെ സ്വന്തം എംപി

Ananth Kumar, Nandan Nilekani അനന്ത് കുമാറും നന്ദൻ നിലേകനിയും 2014ലെ തിര‍ഞ്ഞെടുപ്പിനിടെ

1996 മുതൽ ബെംഗളൂരു സൗത്ത് മണ്ഡലത്തെയാണ് അനന്ത് കുമാർ പ്രതിനിധീകരിച്ചിരുന്നത്. 2014ൽ കോൺഗ്രസും ബിജെപിയും നേരിട്ട് ഏറ്റുമുട്ടിയ ഇവിടെ രണ്ടേകാൽ ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷമാണ് അനന്ത്‌കുമാറിനു ലഭിച്ചത്. തുടർച്ചയായി വിജയിച്ചിരുന്ന അനന്ത്‌കുമാറിനു കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നാൽപതിനായിരത്തിൽ താഴെയായിരുന്നു ഭൂരിപക്ഷം.

പരമ്പരാഗതമായി കോൺഗ്രസിതര വിജയ ചരിത്രമാണു ബാംഗ്ലൂർ സൗത്തിന്റേത്. 1989ൽ കോൺഗ്രസിന് ഒരു തവണ ജയിക്കാനായി എന്നതു മാത്രമാണ് ഇതിനൊരു അപവാദം. 1977 മുതലിങ്ങോട്ട് മറ്റൊരിക്കലും ഇവിടെ കോൺഗ്രസ് ജയം ഉണ്ടായിട്ടില്ല. ജനതാ പാർട്ടി മൂന്നു തവണ ജയം കണ്ടിട്ടുള്ള ഈ മണ്ഡലത്തിൽ 1991 മുതൽ ബിജെപിയാണു ജയം കാണുന്നത്. 1996ൽ മുൻ മുഖ്യമന്ത്രി ആർ. ഗുണ്ടുറാവുവിന്റെ വിധവ വരലക്ഷ്‌മിയെയാണ് അനന്ത്‌കുമാർ തോൽപിച്ചത്.

തുടർന്ന് 98ൽ കോൺഗ്രസിലെ ഡി.പി. ശർമയെയും 99ൽ കോൺഗ്രസ് ജനറൽ സെക്രട്ടറി ബി.കെ. ഹരിപ്രസാദിനെയും 2004ൽ കോൺഗ്രസിലെ എം. കൃഷ്‌ണപ്പയെയും അനന്ത്‌കുമാർ തോൽപ്പിച്ചു. ഭൂരിപക്ഷത്തിൽ ഓരോ തവണയും ഏറ്റക്കുറച്ചിലുകൾ ദൃശ്യമായി. 98ൽ മാത്രം ഭൂരിപക്ഷം ഒരു ലക്ഷം കവിഞ്ഞു (1,80,047). 2004ൽ 48% വോട്ട് നേടാൻ അനന്ത്‌കുമാറിനു സാധിച്ചു.