സർവീസ് മുടക്കം: ഡൽഹിയിൽ വിമാന നിരക്ക് ഉയർന്നു

ന്യൂഡൽഹി ∙ അറ്റകുറ്റപ്പണികൾക്കായി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലെ റൺവെ അടച്ചതോടെ കൊച്ചിയിലേക്ക് ഉൾപ്പെടെ വിമാനനിരക്കുകളിൽ വർധന. പല സർവീസുകളും മുടങ്ങിയതാണു പ്രതിസന്ധിയായത്. വ്യാഴാഴ്ച ആരംഭിച്ച അറ്റകുറ്റപ്പണി 27 വരെ നീളും. മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തവരെ ബാധിക്കില്ലെങ്കിലും യാത്രാദിനത്തിലോ തലേന്നോ ടിക്കറ്റെടുക്കുന്നവർക്കു കൂടുതൽ തുക നൽകേണ്ടിവരും.

ഡൽഹി–കൊച്ചി നിരക്ക് ഏറ്റവും കുറഞ്ഞത് ഇന്ന് 11,800 രൂപയാണ്. നാളെയും ചൊവ്വയും നിരക്ക് 10,000 രൂപ. നേരത്തേയിത് 8000–9000 രൂപയായിരുന്നു. 27ന് ആദ്യ ഘട്ട ജോലികൾ പൂർത്തിയാകുമെങ്കിലും അടുത്ത മാസവും ജനുവരി – മാർച്ച് മാസങ്ങളിലും ജോലികൾ തുടരുമെന്നാണ് അറിയിപ്പ്.