ചിദംബരത്തിനെതിരെ തുടർനടപടി: അനുമതി ലഭിച്ചതായി സിബിഐ

ന്യൂഡൽഹി ∙ എയർസെൽ – മാക്സിസ് അഴിമതിക്കേസിൽ, രാജ്യസഭാംഗവും മുൻ ധനമന്ത്രിയുമായ പി.ചിദംബരത്തെ പ്രോസിക്യൂട്ട് ചെയ്യാൻ കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചതായി സിബിഐ പ്രത്യേക കോടതിയെ അറിയിച്ചു. ചിദംബരത്തിന്റെയും മകൻ കാർത്തിയുടെയും അറസ്റ്റ് തടഞ്ഞുള്ള ഉത്തരവ്  കോടതി 18 വരെ നീട്ടി. കേസിൽ ആകെയുള്ള 18 പ്രതികളിൽ ചിദംബരത്തിന് പുറമെ 5 പേർക്കാണ് ക്രിമിനൽ നടപടി ചട്ടത്തിലെ 197–ാം വകുപ്പും അഴിമതി നിരോധന നിയമത്തിലെ 19–ാം വകുപ്പുമനുസരിച്ച് തുടർനടപടികൾക്ക് മുൻകൂർ അനുമതി ആവശ്യമുള്ളത്.

5 പേരെ പ്രോസിക്യൂട്ട് ചെയ്യാൻ ഇനിയും അനുമതി ലഭിച്ചിട്ടില്ലെന്ന് സിബിഐക്കു വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. മൂന്നാഴ്ച കൂടി അനുവദിക്കുന്നതായി ജഡ്ജി ഒ.പി.സയ്നി വ്യക്തമാക്കി. 

എയർസെൽ – മാക്സിസ് കമ്പനിക്ക് വിദേശ നിക്ഷേപ പ്രോൽസാഹന ബോർ‍ഡിന്റെ (എഫ്ഐപിബി) അനുമതി ലഭിച്ചതിലാണ് അഴിമതി ആരോപണമുയർന്നത്. 

ഇതേ വിഷയത്തിൽ, കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ചിദംബരത്തെയും മകനെയും മറ്റും പ്രതികളാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) കുറ്റപത്രം നൽകിയിരുന്നു.