ജി‍ഡിപി: കേന്ദ്രത്തിന്റെ പുതിയ കണക്ക് വിവാദത്തിൽ

ന്യൂഡൽഹി ∙ രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉൽപാദനം (ജിഡിപി) സംബന്ധിച്ച് കേന്ദ്രസർക്കാർ പുറത്തു വിട്ട പുതിയ കണക്കുകൾ വിവാദത്തിൽ.

നിതി ആയോഗും സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫിസും ചേർന്ന് ബുധനാഴ്ച പുറത്തു വിട്ട കണക്കുകൾ പ്രകാരം ഡോ. മൻമോഹൻ സിങ് നേതൃത്വം നൽകിയ യുപിഎ സർക്കാർ ഭരിച്ച 10 വർഷം ശരാശരി വളർച്ചാ നിരക്ക് 7.75 ശതമാനത്തിൽ നിന്ന് 6.7 ശതമാനമായി താഴ്ന്നു. അതേസമയം കഴിഞ്ഞ നാലര വർഷത്തെ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിന്റെ കാലത്ത് 7.3 ശതമാനം വളർച്ചാ നിരക്കാണ് നേടിയത് എന്നും പറയുന്നു. 

നിതി ആയോഗ് ചെയർമാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വൈസ് ചെയർമാൻ രാജീവ് കുമാറും കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ഓഫിസിലെ (സിഎസ്ഒ) ചീഫ് സ്റ്റാറ്റിസ്റ്റീഷ്യൻ പ്രവീൺ ശ്രീവാസ്തവയും കൂടിയാണ് കണക്കുകൾ പുറത്തു വിട്ടത്. എന്നാൽ പ്രധാനമന്ത്രി നിതി ആയോഗ് വിട്ടു നിൽക്കുകയാണ് വേണ്ടിയിരുന്നതെന്നു സർക്കാരിൽത്തന്നെ പലരും ചൂണ്ടിക്കാട്ടുന്നു. 

‘ഇതിനു മുമ്പ് നാഷനൽ സ്റ്റാറ്റിസ്റ്റിക്കൽ കമ്മിഷൻ (എൻഎസ്‌സി) ആണ് ഈ കണക്കുകൾ തയ്യാറാക്കിയിരുന്നത്. അത് പിരിച്ചു വിട്ടോ? ’ മുൻ കേന്ദ്രധനമന്ത്രി പി ചിദംബരം ചോദിച്ചു. ഇതു സംബന്ധിച്ച് ചോദ്യങ്ങൾ ഉന്നയിച്ച മാധ്യമ പ്രവർത്തകരോട് ചോദ്യങ്ങൾ മറുപടി അർഹിക്കുന്നില്ല എന്നാണ് നിതി ആയോഗ് വൈസ് ചെയർമാൻ പറഞ്ഞത്. അതേസമയം, നേരിട്ടു വാദപ്രതിവാദം നടത്താനുള്ള ചിദംബരത്തിന്റെ വെല്ലുവിളി രാജീവ് കുമാർ ഏറ്റെടുത്തു. 

സിഎസ്ഒയുടെ വിശ്വാസ്യത തകർന്നിരിക്കുകയാണെന്ന് മുൻ ചീഫ് സ്റ്റാറ്റിസ്റ്റീഷ്യൻ പ്രണാബ് സെൻ ചൂണ്ടിക്കാട്ടി. 

5 സംസ്ഥാന തിരഞ്ഞെടുപ്പുകൾ നടക്കുകയും ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തെത്തുകയും ചെയ്ത സമയത്താണ് കേന്ദ്രസർക്കാർ മുൻ സർക്കാരിന്റെ കാലത്തെ വളർച്ചാ നിരക്ക് കുറച്ചു കാണിക്കുന്നതെന്നും വിമർശനമുണ്ട്.  

അതേസമയം, പുതിയ കണക്കു കൂട്ടൽ രീതി സ്വീകരിച്ചതു മൂലമാണ് ഈ കണക്കു വ്യത്യാസമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി അരുൺ ജയ്റ്റ്ലി പറ‍ഞ്ഞു.  

കണക്കിലെ കളി 

ആസൂത്രണ കമ്മിഷനോ പകരം വന്ന നിതി ആയോഗോ വളർച്ചാ നിരക്കിന്റെ  കണക്കുകൾ പുറത്തു വിടാറില്ല.  യുപിഎ സർക്കാരിന്റെ കാലം വരെ നാഷനൽ സ്റ്റാറ്റിസ്റ്റിക്കൽ കമ്മിഷനായിരുന്നു ഇതു നടത്തിയിരുന്നത്. ഇപ്പോഴാകട്ടെ സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസിന്റെ കണക്കുകളാണ് നിതി ആയോഗ് വഴി പുറത്തു വിടുന്നത്. 

സർക്കാരിനെ സാമ്പത്തിക നയങ്ങളിൽ സഹായിക്കാനുള്ള രാഷ്ട്രീയ സമിതിയാണ് നിതി ആയോഗ്.