കോൺഗ്രസിൽ രണ്ടുനാൾ; ബിജെപി നേതാവ് പാർട്ടിയിലേക്കു മടങ്ങി

അഹമ്മദാബാദ്∙ ബിജെപി വിട്ടു കോൺഗ്രസിലെത്തിയ മുൻമന്ത്രി രണ്ടു ദിവസത്തിനു ശേഷം മനംമാറ്റത്തെ തുടർന്നു ബിജെപിയിലേക്കു മടങ്ങി. മുൻ സാമൂഹികനീതി മന്ത്രിയും നാലുവട്ടം മഹംബ്ദാബാദ് എംഎൽഎയുമായിരുന്ന സുന്ദർസിങ് ചൗഹാനാണ് കൂടുമാറ്റത്തിലൂടെ എല്ലാവരെയും അമ്പരപ്പിച്ചത്. ബിജെപിയുടെ കർഷകനയത്തിൽ പ്രതിഷേധിച്ചു പാർട്ടി വിടുന്നു എന്നു പ്രഖ്യാപിച്ചാണ് ചൗഹാൻ കഴിഞ്ഞ ദിവസം കോൺഗ്രസിൽ ചേർന്നത്.

അടുത്ത വർഷത്തെ ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപ് ചാക്കിട്ടുപിടിത്തം സജീവമാക്കിയ കോൺഗ്രസും ബിജെപിയും ഇതോടെ കൂടുതൽ ജാഗ്രതയിലായി. 20നു നടക്കുന്ന ജസ്ദാൻ നിയമസഭാ ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നതു പോലും ചാക്കിട്ടുപിടിത്തം ഭയന്നു കോൺഗ്രസ് രഹസ്യമാക്കി വച്ചിരിക്കുകയാണ്.

കോൺഗ്രസ് എംഎൽഎ കുംവർജി ബവാലിയ ബിജെപിയിൽ ചേർന്നതിനെത്തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ്. കോൺഗ്രസിലെ പ്രബലനായ നേതാവായിരുന്ന ബവാലിയ പാർട്ടിയെ ഞെട്ടിച്ചുകൊണ്ടാണു എംഎൽഎ സ്ഥാനം രാജിവച്ചു ബിജെപിയിലെത്തിയത്.