ഗോവധം: ഉത്തർപ്രദേശിൽ അക്രമം; ഇൻസ്പെക്ടർ അടക്കം 2 മരണം

അണയാതെ: ഉത്തർപ്രദേശിൽ ബുലന്ദ്ഷഹറിനടുത്ത് മഹവ് ഗ്രാമത്തിൽ പശുവിന്റെ ജഡം കണ്ടതിനെ തുടർന്നുണ്ടായ അക്രമങ്ങളിൽ കത്തിനശിച്ച വാഹനങ്ങൾ

ലക്നൗ (ഉത്തർപ്രദേശ്) ∙ ബുലന്ദ്ഷഹറിനടുത്ത് മഹവ് ഗ്രാമത്തിൽ പശുവിന്റെ ജഡം കണ്ടതിനെ തുടർന്നുണ്ടായ അക്രമങ്ങളിൽ ഒരു പൊലീസ് ഇൻസ്പെക്ടറും സ്ഥലവാസിയായ യുവാവും കൊല്ലപ്പെട്ടു. കല്ലേറിൽ പരുക്കേറ്റാണ് സിയാന പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ സുബോധ് വർമ മരിച്ചത്. സുമിത് (20) വെടിയേറ്റും.

ഗ്രാമത്തിൽ നിന്നെത്തിയ ജനക്കൂട്ടം പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ട്രാക്ടറിൽ പശുവിന്റെ ജഡവുമായി ചിങ്കാരവതി പൊലീസ് പോസ്റ്റിൽ എത്തുകയും ദേശീയപാത ഉപരോധിക്കുകയും ചെയ്തു. ജില്ലാ മജിസ്ട്രേട്ടും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും ശ്രമിച്ചിട്ടും ജനക്കൂട്ടം ശാന്തരായില്ല. തുടർന്ന് പൊലീസിനു നേരെ കല്ലേറുണ്ടായി. പൊലീസ് പോസ്റ്റ് ആക്രമിച്ച ജനക്കൂട്ടം അവിടെയുണ്ടായിരുന്ന പൊലീസ് വാഹനങ്ങൾക്കു തീവയ്ക്കുകയും ചെയ്തു. അക്രമം 3 മണിക്കൂർ നീളുകയും സ്ഥിതിഗതികൾ നിയന്ത്രണാതീതമാവുകയും ചെയ്തതോടെ ജനക്കൂട്ടത്തിനു നേരെ പൊലീസ് വെടിവയ്ക്കുകയായിരുന്നു.

സുബോധ് വർമ

കലാപം നേരിടാൻ പരിശീലനം ലഭിച്ച 1000 പൊലീസുകാരടക്കം സ്ഥലത്ത് വൻ സുരക്ഷാസന്നാഹം ഏർപ്പെടുത്തിയിട്ടുണ്ട്. മജിസ്ട്രേട്ട് തല അന്വേഷണത്തിനും എഡിജിപിയുടെ നേതൃത്വത്തിലുള്ള അന്വേഷണത്തിനും ഉത്തരവിട്ടു. രണ്ടു ദിവസത്തിനകം റിപ്പോർട്ട് നൽകാനാണ് എഡിജിപിക്കു നിർദേശം നൽകിയിട്ടുള്ളത്.