Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗാസിപുരിൽ പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ 19 അറസ്റ്റ്

Constable-suresh-pratap-singh സുരേഷ് പ്രതാപ് സിങ്

ലക്നൗ (യുപി)∙ ഗാസിപുരിൽ പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ 19 പേർ അറസ്റ്റിലായി. മറ്റു പ്രതികളെ തിരിച്ചറിയുന്നതിനുവേണ്ടി വിഡിയോ ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്. കഴിഞ്ഞ ദിവസം രാഷ്ട്രീയ നിഷാദ് പാർട്ടി പ്രവർത്തകർ നടത്തിയ കല്ലേറിലാണ് ഹെഡ് കോൺസ്റ്റബിൾ സുരേഷ് പ്രതാപ് സിങ് വാത്സ് (48) മരിച്ചത്. സുരേഷിന്റെ ഭാര്യയ്ക്കു 40 ലക്ഷം രൂപയും മാതാപിതാക്കൾക്കു 10 ലക്ഷം രൂപയും നഷ്ടപരിഹാരമായി നൽകുമെന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചു.

മെഡിക്കൽ കോളജിന്റെ ശിലാസ്ഥാപനവും പൊതുസമ്മേളനവും കഴിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി മടങ്ങിയപ്പോഴാണ് സംഭവം. സമ്മേളന സ്ഥലത്തേക്കു നിഷാദ് പാർട്ടിക്കാർക്കു പ്രവേശനം നിഷേധിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ചാണു പൊലീസിനും മറ്റു വാഹനങ്ങൾക്കും നേരെ കല്ലെറിഞ്ഞത്. സർക്കാരിന്റെ ഭരണപരാജയമാണ് ഗാസിപുർ സംഭവത്തിന് ഇടയാക്കിയതെന്ന് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് കുറ്റപ്പെടുത്തി. സമാജ്‌വാദി പാർട്ടിയും നിഷാദ് പാർട്ടിയും സഖ്യകക്ഷികളാണെന്നും അതിനാൽ അഖിലേഷ് ആത്മപരിശോധന നടത്തണമെന്നും ബിജെപി നേതാവ് രാകേഷ് ത്രിപാഠി പറഞ്ഞു.

ഉത്തർപ്രദേശിൽ ഒരു മാസത്തിനിടെ ആൾക്കൂട്ട അതിക്രമത്തിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ പൊലീസുകാരനാണ് സുരേഷ്. ബുലന്ദ്ശഹറിൽ ഗോവധവുമായി ബന്ധപ്പെട്ടുണ്ടായ അക്രമത്തിൽ പൊലീസ് ഇൻസ്പെക്ടർ സുബോധ് കുമാർ സിങ് കൊല്ലപ്പെട്ടത് ഈ മാസം ആദ്യമാണ്.