സൊഹ്റാബുദീൻ കേസ്: വിധി 21ന്

മുംബൈ∙ സൊഹ്റാബുദീൻ ഷെയ്ഖ് - തുളസിറാം പ്രജാപതി വ്യാജ ഏറ്റുമുട്ടൽ കേസിന്റെ വിധി ഈ മാസം 21ന്  പ്രത്യേക സിബിഐ കോടതി പ്രഖ്യാപിക്കും. 22 പ്രതികളുള്ള കേസിൽ ഏറെയും ഗുജറാത്ത്- രാജസ്ഥാൻ സംസ്ഥാനങ്ങളിലെ പൊലീസ് ഉദ്യോഗസ്ഥരാണ്. 38 പേർക്കെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചെങ്കിലും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ  അടക്കം 16 പേരെ കോടതി കുറ്റവിമുക്തരാക്കി. ഷാ ഗുജറാത്ത് ആഭ്യന്തര സഹമന്ത്രിയായിരുന്ന കാലത്തായിരുന്നു വ്യാജ ഏറ്റുമുട്ടൽ. 21നു തന്നെ വിധിപറയാൻ പരമാവധി ശ്രമിക്കുമെന്നും ഇല്ലെങ്കിൽ 24നു പ്രഖ്യാപിക്കുമെന്നും കോടതി അറിയിച്ചു. 

തീവ്രവാദ ബന്ധമുള്ള കൊള്ളസംഘാംഗമെന്ന് ആരോപിച്ച് ഷെയ്ഖ്, ഭാര്യ കൗസർബി എന്നിവരെ ഗുജറാത്ത് ഭീകരവിരുദ്ധവിഭാഗം 2005ൽ തട്ടിക്കൊണ്ടുപോയി വധിച്ചെന്നാണു കേസ്. സാക്ഷിയും ഷെയ്ഖിന്റെ കൂട്ടാളിയുമായിരുന്ന പ്രജാപതിയെ 2006ൽ ഗുജറാത്ത്-രാജസ്ഥാൻ പൊലീസ് വധിച്ചെന്നാണ് ആരോപണം.