Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൊഹ്റാബുദീൻ ഷെയ്ഖ് ഏറ്റുമുട്ടൽ വ്യാജമല്ല: 22 പ്രതികളെയും വിട്ടയച്ച് കോടതി

sohrabuddin-sheikh സൊഹ്റാബുദീനും ഭാര്യ കൗസർബിയും (ഫയൽ ചിത്രം)

മുംബൈ ∙ സൊഹ്റാബുദീൻ ഷെയ്ഖ് - തുളസിറാം പ്രജാപതി വ്യാജ ഏറ്റുമുട്ടൽ കേസിൽ 22 കുറ്റാരോപിതരെയും മുംബൈയിലെ പ്രത്യേക സിബിഐ കോടതി വിട്ടയച്ചു. ഗൂഢാലോചനയും കൊലപാതകവും തെളിയിക്കാൻ പ്രോസിക്യൂഷനു സാധിച്ചില്ലെന്നും സാഹചര്യത്തെളിവുകൾ ശക്തമല്ലെന്നും കോടതി നിരീക്ഷിച്ചു.

ബിജെപി ദേശീയാധ്യക്ഷൻ അമിത് ഷായും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടെ 38 കുറ്റാരോപിതരുണ്ടായിരുന്ന കേസിൽ ഷായടക്കം 16 പേരെ 2014ൽ വിട്ടയച്ചിരുന്നു. 2005ൽ ഗുജറാത്തിൽ വ്യാജ ഏറ്റുമുട്ടൽ നടക്കുമ്പോൾ അവിടെ ആഭ്യന്തര മന്ത്രിയായിരുന്നു ഷാ.

വിചാരണ പൂർത്തിയായെങ്കിലും മുഖ്യസാക്ഷി അസംഖാനും മറ്റൊരു സാക്ഷി മഹേന്ദ്ര സാലയും തങ്ങളുടെ മൊഴി പുനഃപരിശോധിക്കാൻ അവസരം നൽകണമെന്ന് ആവശ്യപ്പെട്ടു കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജി കോടതി തള്ളി.

ഗുജറാത്ത്-രാജസ്ഥാൻ പൊലീസ് സംഘങ്ങൾ നടത്തിയ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട കേസിൽ 21 പൊലീസ് ഉദ്യോഗസ്ഥരും ഗുജറാത്തിലെ ഒരു ഫാം ഹൗസ് ഉടമയുമാണു പ്രതികളായിരുന്നത്. ഭീകരസംഘടനയായ ലഷ്കറെ തയിബ, പാക്ക് ചാരസംഘടന ഐഎസ്ഐ എന്നിവയുമായി സൊഹ്റാബുദിനു ബന്ധമുണ്ടെന്നും ഗുജറാത്തിലെ ഉന്നത രാഷ്ട്രീയ നേതാവിനെ വധിക്കാൻ പദ്ധതിയിട്ടിരുന്നതായും ആരോപിച്ച് വ്യാജ ഏറ്റുമുട്ടലിൽ സൊഹ്റാബുദിനെയും ഭാര്യ കൗസർബിയെയും കൊലപ്പെടുത്തിയെന്നാണു കേസ്.

ഷെയ്ഖിന്റെ കൂട്ടാളിയായിരുന്ന തുളിസിറാം പ്രജാപതിയെയും പിന്നീടു കൊലപ്പെടുത്തി. അന്നത്തെ രാജസ്ഥാൻ ആഭ്യന്തര മന്ത്രി ഗുലാബ്ചന്ദ്് കഠാരിയ, ഗുജറാത്ത് പൊലീസ് മുൻ േമധാവി പി.സി.പാണ്ഡെ, മുൻ ഡിഐജി ഡി.ജി.വൻസാരെ എന്നിവരെയും അമിത് ഷായ്ക്കൊപ്പം വിട്ടയച്ചിരുന്നു.