Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്രമിച്ചു, പക്ഷേ തെളിഞ്ഞില്ല! ചോദ്യങ്ങൾ ബാക്കിയാക്കി സൊഹ്റാബുദീൻ കേസിലെ വിധി

Sohrabuddin-Sheikh

മുംബൈ∙ സൊഹ്റാബുദീൻ വ്യാജ ഏറ്റുമുട്ടൽ കേസ് തെളിയിക്കാൻ പ്രോസിക്യൂഷൻ പരമാവധി ശ്രമിച്ചെന്നും എന്നാൽ, ശക്തരായ സാക്ഷികൾ ഇല്ലാത്തതിനാലും ഉള്ളവർ കൂറുമാറിയതിനാലും കേസ് ദുർബലമായെന്നുമാണു കുറ്റാരോപിതരെ വിട്ടയച്ച സിബിഐ കോടതിയുടെ നിരീക്ഷണം. സുപ്രീം കോടതിയിൽ അപ്പീൽ നൽകുമെന്നു സൊഹ്റാബുദീന്റെ സഹോദരൻ റുബാബുദീൻ അറിയിച്ചു.

ഗുജറാത്ത്-രാജസ്ഥാൻ പൊലീസിലെ എസ്ഐഐ, എഎസ്ഐ റാങ്കിലുള്ളവരാണു വിട്ടയയ്ക്കപ്പെട്ട 21 േപർ. സൊഹ്റാബുദിനെയും കൗസർബിയെയും പൊലീസ് തട്ടിക്കൊണ്ടുപോയി പാർപ്പിച്ചെന്നും കൗസർബി കൊല്ലപ്പെട്ടെന്നും ആരോപണമുയർന്ന ഫാം ഹൗസിന്റെ ഉടമയാണ് വിട്ടയയ്ക്കപ്പെട്ട രാജേന്ദ്ര ജീരവാല. 

സൊഹ്റാബുദീൻ ഷെയ്ഖ്

ഗുജറാത്ത്-രാജസ്ഥാൻ മേഖലയിലെ ഗുണ്ടാസംഘത്തലവൻ. മറ്റു കുറ്റവാളികളുടെ വിവരങ്ങൾ പൊലീസിനെ അറിയിച്ചിരുന്നയാൾ. രാഷ്ട്രീയക്കാർക്കും പൊലീസ് ഉന്നതർക്കും വേണ്ടി ഒട്ടേറെ ‘സഹായങ്ങൾ’ ചെയ്തിരുന്നെന്നും ആരോപണം. തുളസിറാം പ്രജാപതിയും കേസിലെ സാക്ഷികളിലൊരാളായ അസം ഖാനും സംഘാംഗങ്ങൾ.

ഭീകര സംഘടനയായ ലഷ്കറെ തയിബ, പാക്ക് ചാരസംഘടന ഐഎസ്ഐ എന്നിവയുമായി സൊഹ്റാബുദീനു ബന്ധമുണ്ടെന്നും അന്നു ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാൻ പദ്ധതിയിട്ടെന്നും ആരോപിക്കുന്നു.

ഹരൺ പാണ്ഡ്യ വധം

 ബിജെപി നേതാവും ഗുജറാത്ത് ആഭ്യന്തര മന്ത്രിയുമായിരുന്ന ഹരൺ പാണ്ഡ്യ 2003ൽ കൊല്ലപ്പെട്ടതിനു പിന്നിൽ സൊഹ്റാബുദീനും തുളസിറാമും ആണെന്നും അവരെ പാണ്ഡ്യയുടെ എതിരാളികൾ വിലയ്ക്കെടുക്കുകയായിരുന്നെന്നും ആരോപണം. പാണ്ഡ്യയെ സൊഹ്റാബുദീനാണു വധിച്ചതെന്നും ഇതിനു ‘ക്വട്ടേഷൻ’ നൽകിയത് മുൻ ഡിഐജി ഡി.ജി. വൻസാരയാണെന്നും അസംഖാൻ സിബിഐ കോടതിയിൽ പറഞ്ഞിരുന്നു. പാണ്ഡ്യ വധത്തിനു പിന്നാലെ ഗുജറാത്തിൽനിന്നു സൊഹ്റാബുദിൻ ഭാര്യയുമൊത്തു ഹൈദരാബാദിലേക്കു താമസം മാറി.

ആദ്യ അന്വേഷകന് സസ്പെൻഷൻ

ന്യൂഡൽഹി∙ വ്യാജ ഏറ്റുമുട്ടൽ കേസ് ആദ്യം അന്വേഷിക്കുകയും 3 ഐപിഎസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുകയും ചെയ്ത പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. ഗുജറാത്ത് കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായ രജ്നിഷ് റായിയെയാണ് കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തത്. ആന്ധ്രയിലെ ചിറ്റൂരിൽ സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സിന്റെ ഭീകരവിരുദ്ധ സ്കൂളിന്റെ തലവനാണ് റായി ഇപ്പോൾ. 

ദുരൂഹതകളുടെ നാൾവഴി  

2005 ∙ നവംബർ 22 : ഹൈദരാബാദിൽ നിന്നു പശ്ചിമ മഹാരാഷ്ട്രയിലേക്കുള്ള ബസ് യാത്രയ്ക്കിടെ ഷെയ്ഖ്, കൗസർബി, തുൾസി റാം എന്നിവരെ ഗുജറാത്തിലെയും രാജസ്‌ഥാനിലെയും സംയുക്ത പൊലീസ് സംഘം കസ്റ്റഡിയിലെടുത്ത് ഗാന്ധിനഗർ നഗരാതിർത്തിയിലെ ഫാം ഹൗസിലെത്തിച്ചു.

∙ നവംബർ 26 : സൊഹ്റാബുദ്ദീൻ കൊല്ലപ്പെടുന്നു. ലഷ്‌കറെ തയിബ ഭീകരനെ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയെന്ന് പൊലീസ് ഭാഷ്യം. കൗസർബിയെപ്പറ്റി വളരെ നാൾ വിവരമൊന്നുമില്ല. നവംബർ 29ന് ഇവരെ കൊലപ്പെടുത്തിയെന്ന് പിന്നീട് വെളിപ്പെടുത്തൽ.

 2006 ∙ ഡിസംബർ 27 : ഗുജറാത്ത് – രാജസ്ഥാൻ അതിർത്തിയിൽ പൊലീസ് വെടിവയ്പിൽ തുൾസി റാം പ്രജാപതിയും കൊല്ലപ്പെടുന്നു.

2007 ∙ മാർച്ച് 23 : സൊഹ്‌റാബുദ്ദീൻ ഷെയ്‌ഖിനെ പൊലീസ് വ്യാജ ഏറ്റുമുട്ടലിൽ കൊന്നതാണെന്നു സുപ്രീം കോടതിയിൽ ഗുജറാത്ത് സർക്കാർ സമ്മതിച്ചു.

∙ ഏപ്രിൽ 24 : ഐജി ഡി.ജി. വൻസാര, ഗുജറാത്ത് ഇന്റലിജൻസ് വകുപ്പിലെ എസ്‌പി രാജ്‌കുമാർ പാണ്ഡ്യൻ, രാജസ്‌ഥാനിലെ അൽവർ എസ്‌പി എം.എൻ. ദിനേശ് എന്നിവർ അറസ്റ്റിൽ. 

∙ ഏപ്രിൽ 30 : കൗസർബിയും കൊല്ലപ്പെട്ടെന്നും അവരുടെ ജഡം കത്തിച്ചുകളഞ്ഞെന്നും ഗുജറാത്ത് സർക്കാർ സുപ്രീം കോടതിയിൽ തുറന്നു സമ്മതിച്ചു. ‍

∙ ഡിസംബർ 4 : തിരഞ്ഞെടുപ്പു പ്രസംഗത്തിൽ സൊഹ്‌റാബുദ്ദീൻ വധത്തെക്കുറിച്ച് ‘അവന് അർഹിച്ചതു കിട്ടി’ എന്ന് അന്നു ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ വിവാദപരാമർശം. 

∙ ഡിസംബർ 12 : വധത്തെ ന്യായീകരിച്ച മോദിക്കെതിരെ സുപ്രീം കോടതിയുടെ കോടതിയലക്ഷ്യ നോട്ടിസ്

 2010 ∙ ജനുവരി 12 : സൊഹ്‌റാബുദ്ദീൻ വധം സിബിഐ അന്വേഷിക്കണമെന്നു സുപ്രീം കോടതി

∙ ജൂലൈ 23 : കേസിൽ ഗുജറാത്ത് ആഭ്യന്തര സഹമന്ത്രി അമിത് ഷായ്‌ക്കെതിരെ സിബിഐ കൊലക്കുറ്റം ചുമത്തി. അമിത്‌ ഷാ ഉൾപ്പെടെ 15 പേർക്കെതിരെ സിബിഐ കുറ്റപത്രം.

∙ ജൂലൈ 24 : അമിത് ഷാ രാജിവച്ചു

∙ ജൂലൈ 25 : അമിത് ഷാ സിബിഐ മുൻപാകെ ‌കീഴടങ്ങി

∙ സെപ്റ്റംബർ 23 : പ്രധാന സാക്ഷി അസം ഖാൻ കൂറുമാറി

∙ സെപ്റ്റംബർ 27 : ‘നിഷ്പക്ഷ വിചാരണയ്ക്കായി’ സൊഹ്റാബുദീൻ കേസ് സിബിഐയുടെ അപേക്ഷ പ്രകാരം മുംബൈയിലേക്കു മാറ്റി

2013 ∙ മേയ് 14 : രാജസ്‌ഥാൻ മുൻ ആഭ്യന്തര മന്ത്രി ഗുലാബ് ചന്ദ് കഠാരിയ ഉൾപ്പെടെ നാലു പേരെക്കൂടി സിബിഐ പ്രതിചേർത്തു.

2014 ∙ ഡിസംബർ 1 : വാദം കേട്ട സിബിഐ പ്രത്യേക കോടതി ജഡ്ജി ബി.എച്ച്. ലോയയുടെ മരണം. ഇതിൽ പിന്നീട് ദുരൂഹത ആരോപിക്കപ്പെട്ടു .

∙ ഡിസംബർ 30 : അമിത് ഷായെ സിബിഐ പ്രത്യേക കോടതി കുറ്റവിമുക്‌തനാക്കി

2015 ∙ ഫെ‌ബ്രവരി : ഗുലാബ്‌ചന്ദ് കഠാരിയയെ കുറ്റവിമുക്‌തനാക്കി.

2016 ∙ ആഗസ്റ്റ് 1 : അമിത് ഷായെ കുറ്റവിമുക്തനാക്കിയതു സുപ്രീംകോടതി ശരിവച്ചു

2017 ∙ ഓഗസ്റ്റ് 1 : ഡി.ജി.വൻസാരയെയും എം.എൻ.ദിനേശിനെയും സിബിഐ കോടതി കുറ്റവിമുക്തരാക്കി.

2018 ∙ ഏപ്രിൽ 19 : ജഡ്ജി ബി.എച്ച്. ലോയയുടേത് സ്വാഭാവികമരണമെന്ന് സുപ്രീം കോടതി

∙ നവംബർ 2 : അമിത് ഷായെ കുറ്റവിമുക്തനാക്കിയ നടപടി ചോദ്യംചെയ്യില്ലെന്ന സിബിഐ നിലപാടിനെതിരായ പൊതുതാൽപര്യ ഹർജി തള്ളി.

∙ ഡിസംബർ 21: 22 കുറ്റാരോപിതരെയും പ്രത്യേക സിബിഐ കോടതി വിട്ടയച്ചു.