മായാജാലമില്ലെങ്കിലും മായാവതിക്കു ചിരിക്കാം

ന്യൂഡൽഹി∙ ബിജെപിയുമായി സഹകരണമില്ലാത്തപ്പോഴും, യുപിയിലെ മേൽക്കോയ്മയ്ക്കായി കോൺഗ്രസിനെ കൈയകലത്തു നിർത്തുന്ന ബിഎസ്പിക്ക് നിയമസഭകളിലെ ഫലം തൃപ്തിനൽകുന്നതാണ്. രാജസ്ഥാനിലും മധ്യപ്രദേശിലും ആവശ്യങ്കിൽ കോൺഗ്രസിനെ പിന്തുണയ്ക്കാൻ മായാവതി തയ്യാറുമാണ്.

യുപിയിൽ മാത്രമാണ് കാര്യമായി കരുത്തുള്ളതെങ്കിലും, കോൺഗ്രസിനു പിന്നിലല്ല, ഒപ്പം നിൽക്കാനാണ് ബിഎസ്പി താൽപര്യപ്പെടുന്നത്. സമാജ്‌വാദി പാർട്ടിയെക്കൂടി (എസ്പി) ഒപ്പം നിർത്താൻ സാധിക്കുന്നതിലൂടെ ബിഎസ്പി തങ്ങളുടെ വിലപേശൽ ശേഷി വർധിപ്പിക്കുന്നു. കഴിഞ്ഞ ദിവസം പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽനിന്നു വിട്ടുനിൽക്കാൻ എസ്പിയെ പ്രേരിപ്പിച്ചത് ബിഎസ്പിയാണ്.

കർണാടകയിൽ ജെഡിഎസ് – കോൺഗ്രസ് നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ നിന്നു ബിഎസ്പിയുടെ ഏക മന്ത്രിയെ മായാവതി പിൻവലിച്ചത് അടുത്തിടെയാണ്.

ഛത്തീസ്ഗഡിൽ ജോഗി – മായാവതി കൂട്ടുകെട്ട് കോൺഗ്രസിനു വലിയ നഷ്ടമുണ്ടാക്കുമെന്നാണ് പല വിദഗ്ധരും പ്രവചിച്ചത്. ആ പ്രവചനം വലിയ വിജയത്തിലൂടെ കോൺഗ്രസ് തെറ്റിച്ചു. ചെറിയ നേട്ടങ്ങളിലൂടെയാണെങ്കിലും ബിഎസ്പി അതിന്റെ സാന്നിധ്യം വ്യാപിപ്പിക്കുന്നത് ശ്രദ്ധേയമാണ്. നേരത്തെ കർണാടകയിൽ ഒരു സീറ്റ് നേടിയ ബിഎസ്പി, തെലങ്കാനയിൽ സീറ്റൊന്നും നേടിയില്ലെങ്കിലും 2.1% വോട്ടു നേടി. രാജസ്ഥാനിൽ 6 സീറ്റും 4% വോട്ടും. ഛത്തീസ്ഗഡിൽ 2 സീറ്റും 3.7% വോട്ടും, മധ്യപ്രദേശിൽ 2 സീറ്റും 4.8% വോട്ടും.