മിസോറമിനെ ശുദ്ധീകരിക്കാൻ മൂന്നാമൂഴം

സോറാംതാംഗ

പത്തു വർഷത്തിനുശേഷം മിസോറമിന്റെ മുഖ്യമന്ത്രിക്കസേരയിലേക്കു തിരിച്ചെത്തുന്നു സോറാംതാംഗ (74). മിസോ നാഷനൽ ഫ്രണ്ടിന്റെ (എംഎൻഎഫ്) നായകൻ മുഖ്യമന്ത്രി പദത്തിലെത്തുന്നതു ഇതു മൂന്നാം വട്ടം. പോരാളിയാണു സോറാംതാംഗ; രാഷ്ട്രീയ ആയുധങ്ങൾക്കു പുറമെ, തോക്കും കഠാരയുമൊക്കെ വഴങ്ങുമെന്നു തെളിയിച്ച ഒളിപ്പോരാളി. 1944ൽ സംതാങ് ഗ്രാമത്തിലാണു ജനനം. മണിപ്പുരിലെ കോളജ് വിദ്യാഭ്യാസത്തിനു ശേഷം എത്തിപ്പെട്ടത് ലാൽഡെംഗയുടെ നേതൃത്വത്തിലുള്ള മിസോ മൂവ്മെന്റിന്റെ പോരാട്ട വഴികളിലേക്ക്.

ലാൽഡെംഗ രൂപീകരിച്ച മിസോ നാഷനൽ ഫാമിൻ ഫ്രണ്ട് അപ്പോഴേക്കും, എംഎൻഎഫ് എന്ന രാഷ്ട്രീയമുന്നേറ്റമായി മാറിയിരുന്നു. സ്വതന്ത്ര സംസ്ഥാനമെന്ന ആവശ്യമുയർത്തിയുള്ള പോരാട്ടത്തിന്റെ നാളുകളിൽ, ഒളിപ്പോർ ദൗത്യവുമായി സോറാംതാംഗ കാടുകയറി. ലാൽഡെംഗയുടെ വിശ്വസ്തനും എംഎൻഎഫിൽ രണ്ടാമനുമായി. 1986 ൽ ചരിത്രംകുറിച്ച മിസോ ഉടമ്പടിയിലൂടെ സമാധാനപാതയിലേക്ക്. ലാൽഡെംഗ മന്ത്രിസഭയിൽ (1986–88) ധനകാര്യം, വിദ്യാഭ്യാസം വകുപ്പുകൾ കൈകാര്യം ചെയ്തു. 1990 ൽ ലാൽഡെംഗയുടെ മരണത്തെത്തുടർന്ന് പാർട്ടി പ്രസിഡന്റായി. 1998 ൽ കോൺഗ്രസിനെ തറപറ്റിച്ചു ഭരണത്തിലേക്ക്. 2003 ലും വിജയം ആവർത്തിച്ചെങ്കിലും 2008 ലും 2013 ലും കോൺഗ്രസിനു മുന്നിൽ കാലിടറി. ഇക്കുറി, അതേ കോൺഗ്രസിനെത്തന്നെ മുട്ടുകുത്തിച്ചു.

വിവാദങ്ങളെ കൂസാത്ത നേതാവു കൂടിയാണു സോറാംതാംഗ. അദ്ദേഹമെഴുതിയ രണ്ടു പുസ്തകങ്ങൾ രാഷ്ട്രീയ വിവാദം സൃഷ്ടിച്ചിരുന്നു. മിസോ പ്രക്ഷോഭത്തിന് ചൈനയിൽനിന്നും പാക്കിസ്ഥാനിൽനിന്നും പിന്തുണ കിട്ടിയിരുന്നു എന്ന പരാമർശം വിവാദങ്ങൾക്കും തുടർ ചർച്ചകൾക്കും വഴിവച്ചു. തിരഞ്ഞെടുപ്പിനു മുൻപ്, ഒരു കക്ഷിയുടെയും സഹായം കൂടാതെ അധികാരത്തിലെത്തുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ആ ആത്മവിശ്വാസം തന്നെയാകാം, മിന്നുന്ന വിജയത്തോടെ അധികാരത്തിലേറാൻ അദ്ദേഹത്തെ സഹായിച്ചത്. മുൻ മുഖ്യമന്ത്രി ലാൽതൻഹവ്‌ല മദ്യനിരോധനത്തിൽ ഇളവു വരുത്തി വൈൻ വിൽപന അനുവദിച്ചിരുന്നു. ഇത് അവസാനിപ്പിക്കുമെന്നാണു സോറാംതാംഗയുടെ ആദ്യപ്രഖ്യാപനം.