തോൽവി പഠിക്കാൻ ബിജെപി യോഗം ഇന്ന്

ന്യൂഡൽഹി ∙ തോൽവി വിലയിരുത്തി അടിയന്തര തിരുത്തൽ നടപടികൾ സ്വീകരിക്കാൻ ഇന്നു ബിജെപി നേതൃയോഗം. പാർട്ടി എംപിമാരെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്യും. ഉച്ചയ്ക്കു ശേഷം ആരംഭിക്കുന്ന യോഗം ഏഴു മണിക്കൂർ നീളും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ 65 ലോക്സഭാ സീറ്റുകളിൽ 62 എണ്ണവും നേടിയതു ബിജെപിയാണ്. കോൺഗ്രസ് 3 സീറ്റിലൊതുങ്ങിയിരുന്നു. നിയമസഭാ ഫലം അതുകൊണ്ടു തന്നെ മുന്നറിയിപ്പാകുന്നു. യുപി, ബിഹാർ, മഹാരാഷ്ട്ര, കർണാടക, ഗുജറാത്ത് എന്നിവിടങ്ങളിലും 2014ലെ സാഹചര്യമല്ല ഇപ്പോൾ. അന്നു ലഭിച്ച 287 സീറ്റിൽ 221 എണ്ണവും ഈ 8 സംസ്ഥാനങ്ങളിൽനിന്നായിരുന്നു.

ചോർച്ച മുന്നിൽ കണ്ടുള്ള ആസൂത്രണം പാർട്ടി അധ്യക്ഷൻ അമിത് ഷാ നേരത്തേ തുടങ്ങിവച്ചിരുന്നു. ഹിന്ദി മേഖലയിലുണ്ടാകുന്ന നഷ്ടം നികത്താൻ തെക്കൻ സംസ്ഥാനങ്ങളിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ബംഗാളിലും ശ്രദ്ധയുറപ്പിച്ചു. എ‌ന്നാൽ പ്ര‌ധാന സംസ്ഥാനങ്ങളിൽ വ്യാപക അടിയൊഴുക്കുണ്ടായാൽ പരിഹാരം കാണാൻ ഇതൊന്നും മതിയാവില്ലെന്നാണ് ഇപ്പോഴത്തെ ഫലം നൽകുന്ന സൂചന.