സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷ ഫെബ്രുവരിയിൽ

ന്യൂഡൽഹി∙ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഫെബ്രുവരി പകുതിയോടെ ആരംഭിക്കാൻ സാധ്യത. പ്രാക്ടിക്കൽ പരീക്ഷകൾ അതിനു മുൻപു പൂർത്തിയാക്കാനും അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.

ജനുവരി 16 മുതൽ ഫെബ്രുവരി 15 വരെയാണു പ്രാക്ടിക്കൽ പരീക്ഷകൾ നിശ്ചയിച്ചിരിക്കുന്നത്. കുംഭമേള നടക്കുന്നതിനാൽ അലഹാബാദിലെ സ്കൂളുകളിൽ ജനുവരി ഒന്നിനു പരീക്ഷ ആരംഭിക്കാനാണു നിർദേശം.

കുറച്ചു വിദ്യാർഥികൾ മാത്രം പഠിക്കുന്ന വിഷയങ്ങളിലെ പരീക്ഷ ഫെബ്രുവരിയിൽ നടക്കുമെന്നു പരീക്ഷാ കൺട്രോളർ സ്കൂളുകൾക്കയച്ച കത്തിൽ പറയുന്നു. ഇതിനു പിന്നാലെയാകും പ്രധാന പരീക്ഷകൾ. മൂല്യനിർണയവും മറ്റു നടപടികളും വേഗത്തിൽ പൂർത്തിയാക്കാനാണു പരീക്ഷകൾ നേരത്തേയാക്കുന്നത്.