ജഡ്ജിയുടെ ‘നിസ്സഹായത’; വിവാദം വിടാതെ സൊഹ്റാബുദീൻ കേസിലെ വിധിയും

മുംബൈ∙ ‘ഞാൻ നിസ്സഹായനാണ്’, സൊഹ്റാബുദീൻ വ്യാജ ഏറ്റുമുട്ടൽ കേസിൽ എല്ലാ പ്രതികളെയും വിട്ടയച്ചുകൊണ്ടു പ്രത്യേക സിബിഐ കോടതി ജഡ്ജി എസ്.ജെ.ശർമ പറഞ്ഞ വാക്കുകൾ ചർച്ചയാകുന്നു. മാസാവസാനം വിരമിക്കുന്ന ശർമയുടെ അവസാനത്തെ വിധി പ്രഖ്യാപനം വഴിവച്ചത് ഒട്ടേറെ ചോദ്യങ്ങൾക്ക്.  

‘ഇതെന്റെ അവസാനത്തെ വിധിനിർണയമാണ്. മൂന്നു ജീവൻ നഷ്ടപ്പെട്ടതു ദൗർഭാഗ്യകരമാണ്. അവരുടെ കുടുംബങ്ങളോടു ക്ഷമാപണം. പക്ഷേ, പ്രതിപ്പട്ടികയിലുള്ള 22 പേരാണു കൊലയ്ക്കു പിന്നിലെന്നു സ്ഥാപിക്കാൻ തെളിവുകളില്ല. വിധിനിർണയങ്ങൾക്ക് തെളിവുകളെ മാത്രമേ ആശ്രയിക്കാനാവൂ... ഞാൻ നിസ്സഹായനാണ്.’ 

ദൃക്സാക്ഷികൾ കൂറുമാറിയതു പ്രോസിക്യൂഷന്റെ പാളിച്ചയായി കാണാനാവില്ലെന്നും വിധിന്യായത്തിൽ അദ്ദേഹം വ്യക്തമാക്കുന്നു. 

ആരും കൊല്ലപ്പെട്ടതല്ല... വെറുതെ മരിച്ചവർ

സൊഹ്റാബുദീൻ ഷെയ്ഖ് വധക്കേസിൽ 22 പേരെ വിട്ടയച്ചതിനു പിന്നാലെ വ്യാജ ഏറ്റുമുട്ടലുകൾ സംബന്ധിച്ച് പരിഹാസവുമായി രാഹുൽ ഗാന്ധിയുടെ ട്വീറ്റ്. ‘ആരും കൊല്ലപ്പെട്ടതല്ല... വെറുതെ മരിച്ചതാണെന്നായിരുന്നു രാഹുലിന്റെ പ്രതികരണം. ട്വീറ്റ് ഇങ്ങനെ ‘ഹരൺ പാണ്ഡ്യ, തുളസീറാം പ്രജാപതി, ജസ്റ്റിസ് ലോയ, പ്രകാശ് തോംബ്റെ, ശ്രീകാന്ത് ഖണ്ഡൽക്കർ, കൗസർബി, സൊഹ്റാബുദീൻ ഷെയ്ഖ് ... ഇവരെ ആരും കൊന്നതല്ല... വെറുതെ മരിച്ചവർ!’