ഡോക്ടർമാരെ ‘ഇറക്കുമതി’ ചെയ്യണം: നിതി ആയോഗ്

ന്യൂഡൽഹി∙ ഡോക്ടർമാരുടെ ക്ഷാമം പരിഹരിക്കാൻ വിദേശത്തുനിന്ന് ഇന്ത്യക്കാരടക്കമുള്ള വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കാനും സ്വകാര്യ ആശുപത്രികളിലെ  ഡോക്ടർമാരെ വിസിറ്റിങ്/ ഓണററി അടിസ്ഥാനത്തിൽ സർക്കാർ ആശുപത്രികളിൽ നിയോഗിക്കാനും ആവശ്യമായ സംവിധാനം ഒരുക്കണമെന്ന് നിതി ആയോഗ്.

യോഗ്യരായ പ്രഫഷനലുകളെ മതിയായ തോതിൽ രാജ്യത്തു ലഭ്യമാക്കാൻ ഇന്ത്യൻ മെഡിക്കൽ കൗൺസിലിനോ നഴ്സിങ് കൗൺസിലിനോ കഴിഞ്ഞിട്ടില്ലെന്നും നാഷനൽ മെഡിക്കൽ കൗൺസിൽ ബിൽ (2017) പാസാക്കണമെന്നും ‘നവ ഇന്ത്യക്കായുള്ള തന്ത്രം’ എന്ന രേഖയിൽ പറയുന്നു. 

പരിശീലനത്തിന്റെ ഗുണം ഉറപ്പാക്കാൻ നഴ്സിങ് വിദ്യാഭ്യാസത്തിന്റെ നിലവിലുള്ള നിയന്ത്രണസംവിധാനം അടിമുടി അഴിച്ചുപണിയണം. മികവുള്ള നഴ്സിങ് പഠന കേന്ദ്രങ്ങൾ വികസിപ്പിച്ചെടുക്കണം. സർക്കാർ നഴ്സുമാരുടെ പദവി ഉയർത്തണം. വിദേശ വാഴ്സിറ്റികളിൽ നിന്നുള്ള അധ്യാപകരെ വിസിറ്റിങ് പ്രഫസർമാരെന്ന നിലയിൽ എയിംസിലും മറ്റും നിയോഗിക്കണം. 40% ജില്ലാ ആശുപത്രികളെയെങ്കിലും മെഡിക്കൽ കോളജുകളുമായി ബന്ധിപ്പിക്കണം.

മെഡിക്കൽ, നഴ്സിങ് കോളജുകൾ കേരളം, ആന്ധ്ര, കർണാടക, തമിഴ്നാട്, ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ കേന്ദ്രീകരിച്ചിരിക്കുന്നതായും നിതി ആയോഗ് ചൂണ്ടിക്കാട്ടി. 

ഗ്രാമങ്ങളെ അപേക്ഷിച്ച് നഗരങ്ങളിൽ നാലിരട്ടി ഡോക്ടർമാരും മൂന്നിരട്ടി നഴ്സുമാരുമുണ്ട്. ഇന്ത്യയിൽ വിവിധ മെഡിക്കൽ കൗൺസിലുകളിൽ 10.23 ലക്ഷം ഡോക്ടർമാർ റജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും സേവനരംഗത്തുള്ളത് 80% പേരാണ്. 5 ലക്ഷം സ്പെഷലിസ്റ്റ് ഡോക്ടർമാരുടെ കുറവുണ്ട്. 

നിലവാരമുള്ള പരിശീലനം നൽകാത്തതിനാൽ വൈദഗ്ധ്യമുള്ള നഴ്സുമാരുടെ കുറവ് രൂക്ഷമാണ്. അധ്യാപകരിലും കുറവുണ്ട്. പാരാമെഡിക്കൽ വിദ്യാഭ്യാസ നിലവാരം ഉറപ്പാക്കാൻ പ്രത്യേക കൗൺസിൽ രൂപീകരിക്കണം.– രേഖയിൽ പറയുന്നു.