Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാലവർഷക്കെടുതി: സംസ്ഥാനങ്ങൾക്കു സഹായം ഉറപ്പുനൽകി പ്രധാനമന്ത്രി

Narendra Modi, Rajnath Singh ന്യൂഡൽഹിയിൽ നിതി ആയോഗ് യോഗത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി സദസ്സിനെ വണങ്ങുന്നു. ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് സമീപം. ചിത്രം: പിടിഐ

ന്യൂഡൽഹി∙ കാലവർഷക്കെടുതി അനുഭവിക്കുന്ന സംസ്ഥാനങ്ങൾക്കു സഹായം ഉറപ്പുനൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇക്കാര്യത്തിൽ എന്തുചെയ്യാനാവുമെന്നു പരിശോധിക്കാൻ സംസ്ഥാന സർക്കാരുകളുമായി കൂടിയാലോചന നടത്താൻ നിതി ആയോഗിനു നിർദേശം നൽകി. താഴേത്തട്ടിലുള്ള ജനവിഭാഗത്തിനു ഭരണത്തിന്റെ കൈത്താങ്ങു ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഒത്തൊരുമയോടെ പ്രവർത്തിക്കണമെന്നു നിതി ആയോഗിന്റെ നാലാം ജനറൽ കൗൺസിൽ യോഗത്തിൽ അദ്ദേഹം ആഹ്വാനം ചെയ്തു.

രാജ്യത്തിന്റെ സാമ്പത്തിക വളർച്ച നിരക്കു രണ്ടക്കം കടത്തുക എന്നതാണു കേന്ദ്രത്തിനു മുന്നിൽ ഇനിയുള്ള വെല്ലുവിളി; അതിനായി ഉറച്ച നടപടികൾ ആവശ്യമാണ്. നടപ്പു സാമ്പത്തിക വർഷം സംസ്ഥാനങ്ങൾക്കു 11 ലക്ഷം കോടി രൂപ കേന്ദ്രം അനുവദിക്കും. മുൻസർക്കാരിന്റെ അവസാന വർഷം ഇത് അഞ്ചുലക്ഷം കോടിയായിരുന്നു.

കേന്ദ്ര സർക്കാരിന്റെ വിവിധ പദ്ധതികൾ ഇതുവരെയുണ്ടാക്കിയ നേട്ടം അക്കമിട്ടു നിരത്തിയ മോദി, 2022ൽ എല്ലാവർക്കും ഭവനം എന്ന ലക്ഷ്യം സാക്ഷാൽക്കരിക്കുമെന്നു വ്യക്തമാക്കി. രാജ്യത്തു പിന്നാക്കം നിൽക്കുന്ന 115 ജില്ലകളിൽ വികസനപദ്ധതികൾക്കു വേഗം കൂട്ടും. സർക്കാർ ഓഫിസുകൾ, ഒൗദ്യോഗിക ഭവനങ്ങൾ, തെരുവുവിളക്കുകൾ എന്നിവയിൽ എൽഇഡി ബൾബുകൾ ഉപയോഗിക്കാൻ സംസ്ഥാനങ്ങൾ മുൻകൈയെടുക്കണം.

ഗാന്ധിജിയുടെ 150–ാം ജന്മവാർഷിക ദിനമായ 2019 ഒക്ടോബർ രണ്ടിനു ശുചിത്വഭാരത യജ്ഞം പൂർണമായി നടപ്പാക്കും; രാജ്യത്ത് എല്ലാവർക്കും ശുചിമുറി ഉറപ്പാക്കും. ജല സംരക്ഷണത്തിനായി സംസ്ഥാന സർക്കാരുകൾ യുദ്ധാകാലാടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കണമെന്നും മോദി നിർദേശിച്ചു.

ഒരുമിച്ചു തിര‍ഞ്ഞെടുപ്പ്: അനുകൂലിച്ച് മോദി

ന്യൂഡൽഹി∙ ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒന്നിച്ചാക്കുന്നതു സാമ്പത്തികലാഭത്തിനു വഴിയൊരുക്കുമെന്നും ഇക്കാര്യത്തിൽ വിശാലമായ ചർച്ച ആവശ്യമാണെന്നും പ്രധാനമന്ത്രി പറ‍ഞ്ഞു. വിഭവങ്ങളുടെ ഫലപ്രദ വിനിയോഗത്തിനും ഒന്നിച്ചുള്ള തിരഞ്ഞെടുപ്പു വഴിയൊരുക്കുമെന്നു മുഖ്യമന്ത്രിമാർ പങ്കെടുത്ത യോഗത്തിൽ നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി.

related stories