ഏപ്രിൽ 1 മുതൽ അതിസുരക്ഷാ നമ്പ‍ർ പ്ലേറ്റുമായി പുതിയ വാഹനങ്ങൾ

ന്യൂഡൽഹി ∙ 2019 ഏപ്രിൽ ഒന്നു മുതൽ പുതിയ എല്ലാ വാഹനങ്ങൾക്കും അതിസുരക്ഷാ റജിസ്ട്രേഷൻ നമ്പ‍ർ പ്ലേറ്റുകൾ നിർബന്ധമാക്കുമെന്ന് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ലോക്സഭയെ അറിയിച്ചു. യാതൊരു ക്രമക്കേടും കാട്ടാനാവാത്ത ഈ പ്ലേറ്റുകൾ ഇളക്കി മാറ്റാനോ രണ്ടാമത് ഉപയോഗിക്കാനോ പറ്റാത്തവിധം മുന്നിലും പിന്നിലും ഘടിപ്പിച്ചാണ് വാഹനങ്ങൾ ഇനി നിർമാതാക്കൾ ഡീലർമാർക്കു കൈമാറുക.

ക്രോമിയം കൊണ്ടുള്ള ഹോളാഗ്രാം മുദ്രയാണ് നമ്പർ പ്ലേറ്റിലുണ്ടാവുക. ഇതോടൊപ്പം സ്ഥിരമായ തിരിച്ചറിയൽ നമ്പരും ഉണ്ടാവും. വാഹനങ്ങളുടെ വിൻഡ് ഷീൽഡിന്റെ ഉൾവശത്ത് റജിസ്ട്രേഷൻ വിവരങ്ങൾ കാണിക്കുന്ന ഹോളാഗ്രാം സ്റ്റിക്കറും പതിക്കും. സംസ്ഥാന സർക്കാരുകൾ നിർദേശിച്ചാൽ പഴയ വാഹനങ്ങൾക്കും ഇതു ബാധകമാക്കും.