അസമിൽ എലി ഇറച്ചി കിലോ 200; ചിക്കന്റെ അതേ വില

ദിസ്പുർ∙ എലിയിറച്ചിക്ക് ഇങ്ങനെ വില കൂടുന്നതിലാണ് അസമിലെ ബക്സ ജില്ലയിലെ കുമരികട്ട ഗ്രാമവാസികളുടെ ആശങ്ക. കിലോ 200 രൂപ ആയി; ചിക്കന്റെ അതേ വില. ഭൂട്ടാൻ അതിർത്തിക്കടുത്ത്, ഗുവാഹത്തിക്കു 90 കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിലെ ഞായറാഴ്ച മാർക്കറ്റിലാണ് എലിയിറച്ചി എത്തുന്നത്. തൊലിയുരിഞ്ഞ് വേവിച്ച് മസാല ചേർത്താണ് വിൽപന. വറുക്കാൻ പാകത്തിനും ലഭിക്കും. ചിക്കനെക്കാൾ ആവശ്യക്കാരുണ്ട്.

സമീപ ജില്ലകളിൽ നിന്നാണ് എലിയിറച്ചി വരുന്നത്. വിള തിന്നാൻ വരുന്ന എലികളെ, മുള കൊണ്ടുള്ള കെണി വച്ചാണ് കർഷകർ പിടിക്കുന്നത്. വിളനാശം ഒഴിവാകുകയും ചെയ്യും, വിറ്റാൽ കാശും കിട്ടും. ആദിവാസി സമൂഹമാണ് അധികവും എലിയിറച്ചി വിൽപനയിൽ ഏർപ്പെട്ടിരിക്കുന്നവർ. ഒരു രാത്രി കഷ്ടപ്പെട്ടാൽ 20 കിലോ വരെ കിട്ടുന്ന കർഷകർക്കാണ് കോളടിക്കുന്നത്.